HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പൊലിസ് സേനയില്‍ അവഗണന
backup
June 18 2018 | 20:06 PM
കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നു. ദീര്‍ഘകാലമായി ഒരേ സ്ഥലത്ത് ജോലിയില്‍ തുടരുന്ന പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ നിര്‍ദേശം അട്ടിമറിച്ചിരിക്കയാണ്.
കഴിഞ്ഞ മാര്‍ച്ച് 24നാണ് വിജിലന്‍സും ക്രൈംബ്രാഞ്ചും ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പി ലോകനാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയത്. മൂന്നുമാസം കഴിഞ്ഞിട്ടും നിര്‍ദേശം നടപ്പാക്കാനായിട്ടില്ല. പൊലിസ് സേനയില്‍ നടക്കുന്ന നിയമവിരുദ്ധവും നിഷേധാത്മകവുമായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കൂടിയാണ് മുഖ്യമന്ത്രി ഇത്തരം നടപടികള്‍ക്ക് തുടക്കമിട്ടതെങ്കിലും അത് പൊളിക്കാനാണ് പൊലിസ് സേനയിലെ ഉന്നതരുടെ ശ്രമം.
വര്‍ഷങ്ങളോളം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ സ്ഥലംമാറ്റത്തിന് വിധേയരാകണം എന്നാണ് ചട്ടം. എന്നാല്‍ സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാന്‍ പേരിനൊരു സ്ഥലംമാറ്റം സംഘടിപ്പിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ തിരികയെത്തുകയും ചെയ്യുന്നതാണ് സേനയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രവണത. ക്രൈംബ്രാഞ്ച്, വിജിലന്‍സ് അടക്കമുള്ള സ്‌പെഷല്‍ വിഭാഗങ്ങളിലാണ് ഇത്തരം സ്ഥലംമാറ്റങ്ങള്‍ കൂടുതലും.
വര്‍ഷങ്ങളായി ഓഫിസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് ഇതിലധികവും. ഇവരില്‍ ഭൂരിഭാഗവും കുറഞ്ഞ കാലംമാത്രം സ്റ്റേഷനുകളില്‍ ജോലിചെയ്തവരാണ്.
രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലവും ഇവര്‍ക്കുണ്ട്. 12 മുതല്‍ 18 വര്‍ഷം വരെ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിനു പിന്നാലെ നടപടിയില്‍ നിന്ന് ഒഴിവാകാനുള്ള തീവ്രശ്രമത്തിലാണ് പല ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് കാലതാമസം വരുത്തി മറികടക്കാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."