ഗള്‍ഫില്‍നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു
കരുനാഗപ്പള്ളി: ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്നു. കൊലപാതകം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചതു പരാജയപ്പെട്ടതോടെ യുവാവ് സ്ഥലത്തുനിന്നു മുങ്ങി. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരിയില്‍ അബ്ദുല്‍ സലിമിന്റെ ഭാര്യ സനുജ(29)യാണു മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ജൂണ്‍ 30നാണ് അബ്ദുല്‍ സലിം അവധിക്ക് നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം സനുജയുടെ വീട്ടില്‍പോയി തിരിച്ചെത്തിയ ഇവര്‍ തമ്മില്‍ രാത്രി പത്തോടെ വഴക്കുണ്ടായി. കുട്ടികള്‍ ഉറങ്ങിയതോടെയാണു വഴക്കു നടന്നത്. ഇതിനിടെ സലീമിന്റെ അടിയേറ്റ് ബോധം കെട്ടുവീണ സനുജ ഏറെ നേരമായിട്ടും ഉണരാത്തപ്പോള്‍ മരിച്ചെന്നു കരുതി സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
അലുമിനിയം ഏണി മുറിയില്‍ ചാരി യുവതിയുടെ കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. എന്നാല്‍ സാമാന്യം തടിയുള്ള സനുജയെ എടുത്തുയര്‍ത്താന്‍ കഴിയാത്തതിനാല്‍ ശ്രമം പാളി. ദമ്പതികള്‍ വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുല്‍സലിമിന്റെ സഹോദരന്‍ സനുജയുടെ പിതാവ് അബ്ദുല്‍സമദിനെ അറിയിച്ചിരുന്നു. വിവരം അറിയാന്‍ പിതാവ് സനുജയെ വിളിച്ചപ്പോള്‍ മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അബ്ദുല്‍സലിം സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. എന്നാല്‍ മകള്‍ ഫോണ്‍ എടുക്കാത്തതില്‍ പന്തികേട് തോന്നിയ പിതാവ് അബ്ദുല്‍സമദ് 200 മീറ്റര്‍ അകലെയുള്ള മകളുടെ വീട്ടിലെത്തിയപ്പോള്‍ സനുജ തറയില്‍കിടക്കുന്നതാണു കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മിനിട്ടുകള്‍ക്ക് മുന്‍പ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കിയെങ്കിലും അബ്ദുല്‍ സലിമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 12 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുല്‍സലിം കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടിരുന്നു. ബന്ധുക്കളുമായി അടുത്ത് ഇടപെടാന്‍ താല്‍പര്യം കാട്ടാത്ത ഇയാള്‍ അവധിക്കുവന്നാല്‍ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാന്‍ അനുവദിച്ചിരുന്നില്ല. ഏഴുവയസുള്ള അദിന്‍, ഒരു വയസുള്ള ഫാത്തിമ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."