പക്രന്തളം ചുരം ഇടിഞ്ഞു; പൊലിസെത്തി തടസം നീക്കംചെയ്തു
കുറ്റ്യാടി: പക്രന്തളം ചുരംറോഡില്‍ ഇടിഞ്ഞുവീണ കല്ലും മണ്ണും പത്ത് ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി ചുരം ഡിവിഷന്‍ അധികൃതര്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പൊലിസ് നേരിട്ടെത്തി നീക്കം ചെയ്തു. കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം തൊട്ടില്‍പ്പാലം അഡീഷനല്‍ എസ്.ഐമാരായ വിനയന്‍, മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടുത്ത ഗതാഗതതടസം സൃഷ്ടിച്ചിരുന്ന കല്ലും മണ്ണും ഇന്നലെ വൈകിട്ട് നീക്കം ചെയ്തത്.
രണ്ട്, അഞ്ച്, പത്ത് വളവുകളിലായിരുന്നു ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലുണ്ടായത്. നിലവില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ പോകുമ്പോള്‍ തന്നെ ശക്തമായ ഗതാഗത തടസം നിലനിന്നിരുന്നു. ഇതിനിടെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞതിനാല്‍ അതുവഴിയുള്ള മുഴുവന്‍ വാഹനങ്ങളും കുറ്റ്യാടി ചുരംവഴി തിരിച്ചുവിട്ടതോടെ ഗതാഗത തടസം ഇരട്ടിയായിരുന്നു.
ഇന്നലെ ഒരു ചരക്ക് ലോറി റോഡിലെ മണ്ണില്‍പ്പെട്ട് മണിക്കൂറുകള്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തമായതോടെയാണ് പ്രശ്‌നത്തില്‍ പൊലിസ് ഇടപെട്ടത്. അതേസമയം, 11-ാം വളവ് ചുങ്കക്കുറ്റിയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്നുള്ള അപകടഭീതിക്ക് ഇതുവരെ പരിഹാരം കണ്ടിട്ടില്ല. ഇവിടെ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."