ദുരന്തഭൂമികളില്‍ കര്‍മനിരതനായി മജീദ്
താമരശ്ശേരി: ദുരന്തഭൂമികളില്‍ നിത്യസേവകനായുള്ള കാന്തപുരം നെരോത്ത് കുന്നുമ്മല്‍ മജീദിന്റെ (48) സേവനം വേറിട്ട കാഴ്ചയാണ്. ജില്ലയിലും പുറത്തും ചെറുതും വലുതുമായ ദുരന്തമുഖങ്ങളില്‍ ഓടിയെത്തുന്ന മജീദിന് ഇതൊരു നിശബ്ദ സേവനം കൂടിയാണ്.
വാഹനാപകടങ്ങള്‍, മുങ്ങിമരണങ്ങള്‍, ഉരുള്‍പൊട്ടല്‍, തീപിടുത്തങ്ങള്‍, ആത്മഹത്യകള്‍, കിണറ്റില്‍ വീണുള്ള അപകടങ്ങള്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ഇദ്ദേഹം പാഞ്ഞെത്തുകയും കൈ, മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്യും.
പ്രതിഫലമോ പ്രചാരണങ്ങളോ ആഗ്രഹിക്കാതെയാണ് മജീദിന്റെ ദുരന്ത മുഖങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍. കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനും കല്‍കൂമ്പാരങ്ങള്‍ക്കടിയിലമര്‍ന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുമെല്ലാം മജീദിന്റെ മിടുക്ക് അമ്പരിപ്പിക്കുന്നതായിരുന്നു.
തന്റെ 25ാം വയസില്‍ തുടങ്ങിയ ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം തന്റെ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ 23 വര്‍ഷക്കാലമായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ ഒരു രൂപ പോലും പ്രതിഫലം പറ്റിയിട്ടില്ലെന്നും മജീദ് പറയുന്നു. കോഴിക്കോട് മെഡി. കോളജിലെ മോര്‍ച്ചറിയിലെ സഹായങ്ങള്‍ക്കായും ഫയര്‍ഫോഴ്‌സും പൊലിസും പല ഘട്ടങ്ങളിലും സഹായം തേടിയിട്ടുണ്ടെന്നും മജീദ് പറയുന്നു.
കക്കയം ഡാമില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങിമരണമുണ്ടായി മൂന്നു ദിവസം കഴിഞ്ഞ് തിരച്ചില്‍ അവസാനിച്ചപ്പോള്‍ മജീദ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരിഞ്ചോല അപകടത്തിലും സജീവമായി രംഗത്തുള്ള മജീദ് കണ്ടെത്താന്‍ ശേഷിക്കുന്ന ഒരുമ്മയുടെ മൃതദേഹം കൂടി കണ്ണില്‍പെടുത്തണമേ എന്ന പ്രാര്‍ഥനയിലാണ് മജീദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."