പ്രസവ ശേഷമുള്ള ആഹാരരീതികളില്‍ വളരെ ശ്രദ്ധിക്കണം
ഗര്‍ഭിണിയായിരിക്കുന്ന അവസരത്തിലും പ്രസവശേഷവും സ്ത്രീകള്‍ ആഹാരം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അറിവില്ലായ്മകൊണ്ടോ ശ്രദ്ധക്കുറവുകൊണ്ടോ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാട്ടാറില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. മിക്കപ്പോഴും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശാനുസരണം ഒരു ക്രമീകരണം പിന്തുടര്‍ന്നുപോരുന്നു എന്നുമാത്രം. അതുകൊണ്ട് ഗുണമേറെയാണുതാനും. എങ്കിലും ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയിലും പ്രസവശേഷവും ആഹാര രീതികളെക്കുറിച്ച് അറിയുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുവിനും മാതാവിനും ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രസവശേഷം പൂര്‍വാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നത് പരമപ്രധാനമാണ്. ഇതിന് അതിന്റേതായ സമയം ആവശ്യവുമാണ്. കലോറി നിര്‍ണയമാണ് ഇതില്‍ ഏറെ പ്രധാനം. പ്രസവശേഷം എട്ടാഴ്ചയോളം ആഹാരക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യപ്രദമായ ആഹാരമാണ് കഴിക്കേണ്ടത്. കൂടുതല്‍ കലോറി മൂല്യമുള്ള ആഹാര സാധനങ്ങള്‍ കഴിക്കണം എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ശരീരത്തിനും ആരോഗ്യത്തിനും കുഞ്ഞിനും ഗുണകരമായ ആഹാര രീതിയായിരിക്കണം മാതാവ് പ്രസവശേഷം പിന്തുടരേണ്ടത്. ഇതുവഴി അത്യാവശ്യമുള്ള പോഷകങ്ങള്‍ മാതാവിനും നവജാത ശിശുവിനും ലഭിക്കുന്നു എന്നുറപ്പാക്കാം. ഇതുവഴി പ്രസവശേഷം ആരോഗ്യ സംരക്ഷണവും നടക്കുകയും ചെയ്യുന്നു. പ്രസവശേഷം തെരഞ്ഞെടുത്തതും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നത് മാതാവിനും നവജാത ശിശുവിനും ഒരേ സമയം ഗുണകരമാകുന്നു.
പാലുല്‍പന്നങ്ങള്‍
പ്രസവശേഷം പാലുല്‍പന്നങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. നവജാത ശിശുവിനെ മുലയൂട്ടുമ്പോള്‍ പാലില്ലാത്ത അവസ്ഥ ഉണ്ടാവാന്‍ പാടില്ല. നവജാത ശിശുവിന്റെ അവകാശമാണ് മുലപ്പാല്‍. അത് അത്യാവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മാതാവിനാണ്. അതുകൊണ്ടുതന്നെ മുലപ്പാല്‍ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ മാതാവ് തന്റെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാലുല്‍പന്നങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. അധികം കൊഴുപ്പില്ലാത്ത ഇനം പാലുല്‍പന്നങ്ങളാണ് കഴിക്കേണ്ടത്. പാല്‍, വെണ്ണ, തൈര് തുടങ്ങി പാലുല്‍പന്നങ്ങള്‍ എല്ലാം ആഹരിക്കാവുന്നതാണ്. മുലയൂട്ടുമ്പോള്‍ കുഞ്ഞിന് പാല്‍ ലഭിക്കുന്നു എന്നതുപോലെ സ്വന്തം ശരീരത്തിന്റെ ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് പാലുല്‍പന്നങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്.
തവിടുകളയാത്ത അരി
സാധാരണ ഗര്‍ഭാവസ്ഥയില്‍ അധികം തടി വയ്ക്കുക സ്വാഭാവികമാണ്. ഗര്‍ഭിണിയാകുന്നതോടെ പെട്ടെന്ന് തടിക്കുന്നു. പ്രസവശേഷം ഈ തടി കുറയ്ക്കാന്‍ ്ശ്രമിക്കാനുള്ള ത്വര കണ്ടുവരുന്നു. ശരീരം സാധാരണ നിലയിലേക്ക് മടങ്ങണമെങ്കില്‍ അതിന് അതിന്റേതായ സമയം നല്‍കേണ്ടതുണ്ട്. പകരം പത്തുമാസം കൊണ്ട് ആര്‍ജിച്ച തടി രണ്ടാഴ്ചകൊണ്ട് എങ്ങനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പലരും വിപരീത ഫലമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതായി ഡോക്ടര്‍മാര്‍ തന്നെ സൂചിപ്പിക്കുന്നു. എന്നാല്‍ അതിവേഗം തടി കുറയ്ക്കുന്നതിലെ ദോഷവശം മനസിലാക്കിയിരിക്കേണ്ടതുണ്ട്. പാല്‍ കുറയുകയും അലസമായ രീതികളും പ്രവര്‍ത്തനങ്ങളും ഈ അവസ്ഥയില്‍ കണ്ടുവരുന്നുമുണ്ട്. ശരീരത്തിന്റെ ഊര്‍ജത്തിന്റെ നിലവാരത്തകര്‍ച്ചയാണ് ഇത് വെളിവാക്കുന്നത്.
തവിടു കളയാത്ത അരി ഊര്‍ജ ദായകമാണ്. ഭക്ഷണത്തില്‍ ഇത്തരം അരി ഉള്‍പ്പെടുത്തുന്നത് ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ സഹായിക്കും. മാത്രമല്ല ഇതുവഴി മാതാവിന് ആവശ്യമുള്ളത്ര കലോറി ലഭ്യത ഉറപ്പാക്കാനും നവജാത ശിശുവിന് ഗുണകരവും കൂടുതല്‍ പോഷകമൂല്യമുള്ളതുമായ മുലപ്പാല്‍ ലഭ്യമാക്കാനും സാധിക്കും.
മാംസ്യത്തിന് മുട്ട
മുട്ട ഒരു സമീകൃത ആഹാരമാണ്. മാംസ്യത്തിന്റെ കലവറയെന്നുവേണം മുട്ടയെ വിശേഷിപ്പിക്കാന്‍. പ്രതിദിനം ആവശ്യമായ മാംസ്യം മുട്ട കഴിക്കുന്നതിലൂടെ മുലയൂട്ടുന്ന മാതാവിന് ലഭ്യമാകും. മുലപ്പാലിന്റെ ഗുണവും പോഷകവും വര്‍ധിപ്പിക്കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. മുട്ട ഏതു രീതിയില്‍ വേണമെങ്കിലും കഴിക്കാവുന്നതാണ്. തോട് ബാക്ടീരിയയുടെ കേന്ദ്രമാണെന്നതിനാല്‍ മുട്ട കഴിക്കുന്നത് ശ്രദ്ധാപൂര്‍വവും ശുദ്ധമായും വേണം. മുലപ്പാലിലെ ഫാറ്റി ആസിഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ മുട്ട ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ചെമ്പല്ലി, കോര, ചൂര മത്സ്യം
ആരോഗ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ എല്ലാ പോഷകങ്ങളുടെയും കലവറയാണ് ചെമ്പല്ലി മത്സ്യം. കോര മത്സ്യം പോലെതന്നെ കല്ലേമുട്ടി എന്നയിനം മത്സ്യവും ചൂരയും ഏറെ പോഷക ഗുണമുള്ളതാണ്. നവജാത ശിശുക്കളുടെ നാഡീ കോശങ്ങളുടെ വികസനത്തിന് ഏറെ സഹായകമായ ഡി.എച്ച്.എ എന്ന ഒമേഗ 3 ഈ മത്സ്യങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. മുലപ്പാലില്‍ ഈ പോഷകത്തിന്റെ അളവ് ഏറെയുണ്ടെങ്കിലും മേല്‍പറഞ്ഞ മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ഈ പോഷകം മാതാവിന്റെ ശരീരത്തിലേക്ക് നേരിട്ടെത്തും എന്ന പ്രത്യേകതയുണ്ട്. അതേസമയം ഈ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യവും ഏറെയുണ്ട് എന്നതാണ്. മെര്‍ക്കുറി അധികം ശരീരത്തിലെത്തുന്നത് രോഗകാരണമാകും. അതുകൊണ്ട് കഴിക്കുന്ന അളവ് കുറയ്ക്കുകയോ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയോ വേണം. കൊമ്പന്‍ സ്രാവ്, അയല തുടങ്ങിയ മത്സ്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഈ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് ദോഷകരമാണ്.
പയര്‍ വര്‍ഗങ്ങള്‍
മൃഗ ഇതര മാംസ്യം അല്ലെങ്കില്‍ സസ്യ മാംസ്യം ലഭിക്കാന്‍ പയര്‍ വര്‍ഗങ്ങളുടെ ഉപയോഗത്തിലൂടെ കഴിയും. സസ്യഭുക്കുകളാണെങ്കില്‍ മാംസ്യം ലഭ്യതയ്ക്ക് പയര്‍ വര്‍ഗങ്ങള്‍ കഴിക്കുക. സസ്യേതരഭുക്കാണെങ്കിലും പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പയര്‍, തുവര, അമര, ബീന്‍സ്, പടിപ്പയര്‍ തുടങ്ങിയവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഓറഞ്ച്, നാരങ്ങ
പുളിപ്പും മധുരവുമുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, നാരങ്ങ, തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഗര്‍ഭിണികള്‍ക്ക് വിറ്റാമിന്‍ സി ധാരാളമായി വേണ്ടതാണ്. എന്നാല്‍ പ്രസവശേഷം വിറ്റാമിന്‍ സിയുടെ അളവ് കൂടുതലായി വേണം. മുലയൂട്ടുന്നതുകൊണ്ട് നവജാത ശിശുക്കളിലേക്കും ഇത് പകര്‍ന്നെത്തേണ്ടതുണ്ട്.
പച്ചക്കറിയും ഇലകളും
പച്ചക്കറി വര്‍ഗങ്ങളും ഇലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ചീര, ബ്രോക്കോളി (കോളിഫഌവര്‍ പോലുള്ള ഒരിനം പച്ചക്കറി) തുടങ്ങിയവ നിര്‍ബന്ധമായും കഴിക്കാന്‍ ശ്രദ്ധിക്കുക. പാലുല്‍പന്നങ്ങളില്‍ നിന്ന് കാത്സ്യം ലഭിക്കുന്നതിനുപുറമേ മേല്‍പറഞ്ഞ പച്ചക്കറി ഇനങ്ങളില്‍ നിന്നും കാത്സ്യം, വിറ്റാമിന്‍സി, അയണ്‍ എന്നിവ ധാരാളമായി ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ശരീരത്തില്‍ ആന്റി ഓക്‌സിഡന്റ്‌സിന്റെ അളവ് വര്‍ധിപ്പിക്കാനും ഈ പച്ചക്കറികളുടെ ഉപയോഗത്തിലൂടെ സാധിക്കും.
വെള്ളം പരമപ്രധാനം
മുലയൂട്ടുന്ന മാതാവിന് നിര്‍ജലീകരണം അവസ്ഥ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കും. ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കാനും മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാനും ഊര്‍ജനില കൂട്ടാനും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എപ്പോഴും വെള്ളം കുടിക്കുന്നത് പ്രയാസകരമായി തോന്നേണ്ട കാര്യമില്ല. പ്രയാസം തോന്നുന്ന പക്ഷം നീരുള്ള പഴവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാവാം.
കരിക്കിന്‍ വെള്ളം, ജൂസുകള്‍ ഇവയും നല്ലതാണ്. നാരങ്ങാവെള്ളം, പാല്‍ ഇവയും ഉപയോഗിക്കണം. അതുപോലെ കാപ്പി, തേയില എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പിയോ തേയിലയോ കുടിക്കുന്നത് നവജാത ശിശുവിന്റെ ഉള്ളില്‍ കഫീന്‍ എത്താനും അത് കുട്ടിയെ അസ്വസ്ഥനാക്കാനും കോപിഷ്ടനാക്കാനും നിര്‍ബന്ധബുദ്ധി കാട്ടാനും കാരണമാകുമെന്നും മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."