കെട്ടിട നമ്പര്‍ ലഭിച്ചില്ല ഡയാലിസിസ് സെന്റര്‍ അടഞ്ഞുതന്നെ
സുല്‍ത്താന്‍ ബത്തേരി: കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡയാലിസിസ് സെന്റര്‍ അടഞ്ഞുകിടക്കുന്നു. കെട്ടിടനമ്പര്‍ ആവശ്യപ്പെട്ട് രണ്ടുമാസം മുന്‍പ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിക്ക് ആരോഗ്യവകുപ്പ് അപേക്ഷ നല്‍കിയെങ്കിലും അനാവശ്യ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നമ്പര്‍ നല്‍കുന്നില്ലെന്നാണ് ആരോപണം. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്ന് വര്‍ഷംമുമ്പ് അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ നിര്‍മാണപ്രവൃത്തികള്‍ അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. എം.എസ്.ഡി.പി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് സെന്റര്‍ നിര്‍മിച്ചത്്. സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരേസമയം 10 കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാവും.
നിര്‍ധനരായ കിഡ്‌നിരോഗികള്‍ക്ക് കുറഞ്ഞചെലവില്‍ ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എം.എസ്.ഡി.പി ഫണ്ടില്‍നിന്നും ഒരു കോടി രൂപ ചെലവില്‍ താലൂക്ക് ആശൂപത്രിക്ക് സമീപം ഫെയര്‍ലാന്റില്‍ ഡയാലിസിസ് സെന്റര്‍ നിര്‍മിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് ചെയ്തത്. നിര്‍മാണ പ്രവൃത്തി ആരംഭിച്ച് മൂന്ന് വര്‍ഷത്തിന്‌ശേഷം അടുത്തിടെയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ച് വയറിങും പ്ലംബിങും ചെയ്തത്.
എന്നാല്‍ പണി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിനായി മുനിസിപ്പാലിറ്റിയെ സമീപിച്ചപ്പോള്‍ അനാവശ്യ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഉരുണ്ടുകളിക്കുകയാണെന്നാണ് ആരോപണം. കെട്ടിടനമ്പര്‍ ലഭിച്ചാല്‍ മാത്രമെ വൈദ്യുതിക്കായി അപേക്ഷിക്കാന്‍ സാധിക്കൂ.
തുടര്‍ന്നുവേണം കേരള മെഡിക്കല്‍ കോര്‍പ്പറേഷനെ അറിയിച്ചു ഡയാലിസിസ് യൂനിറ്റുകള്‍ എത്തിക്കാന്‍. പക്ഷേ കെട്ടിട നമ്പര്‍ ലഭിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതരും.
നിലവില്‍ കുടുതല്‍ തുകമുടക്കി സ്വകാര്യ ആശുപത്രികളില്‍ നിന്നാണ് ജില്ലയിലെ നിര്‍ധനരായ രോഗികള്‍പോലും ബുദ്ധിമുട്ടി ഡയാലിസിസ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ ഇടപെട്ട് വേണ്ടനടപടികള്‍ കൈകൊള്ളണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."