ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യവിരുന്ന്; ശ്രദ്ധേയമായി ഗദ്ദിക പ്രദര്‍ശന വിപണന മേള
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാമം മൈതാനത്ത് 'ഗദ്ദിക' എന്ന പേരില്‍ നടന്നുവരുന്ന നാടന്‍ കലാമേളയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയും ശ്രദ്ധേയമാകുന്നു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പും കിര്‍ത്താഡ്‌സും ചേര്‍ന്നാണ് ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.
മലവേടര്‍, കുറുമ്പര്‍, കാണി എന്നീ മൂന്നു ഗോത്രവിഭാഗങ്ങളുടെ ഭക്ഷണമാണ് ഇത്തവണ ഗദ്ദികയിലെ ശ്രദ്ധേയ ഇനം. ഓരോ വിഭാഗത്തിലെയും അഞ്ചുപേര്‍ വീതമുള്ള സംഘം രുചിവൈവിധ്യങ്ങളൊരുക്കാന്‍ സദാ സന്നദ്ധരായുണ്ട്.
പനി, ശരീരവേദന, ജലദോഷം, വയറുവേദന തുടങ്ങിയ രോഗങ്ങള്‍ക്കായി വിതുരയിലെ കാണിക്കാര്‍ ഉണ്ടാക്കുന്ന ഒറ്റമൂലിയായ മരുന്നുകാപ്പി കുടിക്കാന്‍ നിരവധി പേരാണ് മേളയില്‍ എത്തുന്നത്. ഇതുകൂടാതെ പറണ്ടക്ക പായസം, പറണ്ടക്ക കഞ്ഞി എന്നിവയും ഇവര്‍ ഒരുക്കുന്നു.
തെക്കന്‍ കേരളത്തിനു സുപരിചതമല്ലാത്ത തനതുവിഭവങ്ങളുമായാണ് അട്ടപ്പാടിയിലെ കുറുമ്പരും റാന്നിയിലെ മലവേട വിഭാഗക്കാരും എത്തിയിരിക്കുന്നത്. കുറുമ്പ വിഭാഗക്കാര്‍ റാഗി പഴം പൊരി, റാഗി അട, ചാമ പായസം, തുമര പുഴുക്ക് എന്നിവ വിളമ്പുമ്പോള്‍ കപ്പ കാച്ചില്‍ ചേമ്പുവിഭവങ്ങളും മീന്‍ ചമ്മന്തിയുമൊക്കെയാണു മലവേട സമുദായം ഒരുക്കുന്നത്.
മലവേടരുടെ പ്രത്യേക വിഭവമായ ശതാവരി അച്ചാര്‍ ആവശ്യക്കാരുടെ തിരക്കുമൂലം ഇതിനോടകം വിറ്റഴിഞ്ഞു. ഭക്ഷണത്തിനു വേണ്ട ഒട്ടുമിക്ക വസ്തുക്കളും സ്വന്തം നാട്ടില്‍നിന്നു തന്നെയാണ് ഇവര്‍ കൊണ്ടു വന്നത്. ഭക്ഷ്യമേള കൂടാതെ വൈകുന്നേരങ്ങളില്‍ വിവിധ ഗോത്ര വിഭാഗത്തില്‍പെട്ടവര്‍ തനതു ഭക്ഷ്യവിഭവങ്ങള്‍ തത്സമയം ഉണ്ടാക്കി അവയുടെ പാചകരീതി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."