യുവാവിന്റെ കൊലപാതകം: ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞവര്‍ പിടിയിലായതായി സൂചന
കഴക്കൂട്ടം: യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും മരിച്ചതറിഞ്ഞ് രക്ഷപ്പെടുകയും ചെയ്ത കേസിലെ പ്രതികള്‍ പൊലിസ് പിടിയിലായതായി സൂചന. കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിനു സമീപം കൈരളി നഗര്‍, തെക്കേമുക്ക് വീട്ടില്‍ ബാബുവിന്റെയും ഓമനയുടെയും മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. പെരുങ്ങുഴി നാലുമുക്ക് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായതായാണു സൂചന. വ്യാഴാഴ്ച വൈകിട്ടാണു സംഭവം.
മൃതപ്രായനായ അവസ്ഥയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൂന്നംഗ സംഘം യുവാവ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ കടന്നുകളയുകയായിരുന്നു.
തെങ്ങില്‍നിന്ന് വീണ് പരുക്കേറ്റുവെന്ന് ആശുപത്രിയിലെ അധികൃതരെ അറിയിച്ചാണ് അഡ്മിറ്റ് ചെയ്തത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാട് ശരീരത്തില്‍ കണ്ടെത്തുകയും ഇത് അന്വേഷിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മൂവര്‍ സംഘം രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലിസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. പെരുങ്ങുഴി നാലുമുക്കിലുള്ള സുഹൃത്ത്, രാജ് സൂര്യന്റെ വീട്ടിലെത്തിയതായിരുന്നു വിഷ്ണു. ഐ.ടി.ഐ പഠനത്തിനുശേഷം മൈസൂര്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പില്‍ അപ്രന്റീസ് ട്രെയിനികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. വിഷ്ണുവും സൂര്യയും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇതു പറഞ്ഞുപരിഹരിക്കുന്നതിനായി പെരുങ്ങുഴിയിലുള്ള സൂര്യയുടെ വീട്ടില്‍ വിളിച്ചുവരുത്തുകയുമായിരുന്നുവെന്നാണ് അറിയുന്നത്.
പെരുങ്ങുഴി, ഇടഞ്ഞുംമൂല, കോളം എന്ന സ്ഥലത്തുവച്ച് ഇരുവരും വഴക്കിടുകയും സൂര്യയുടെ ബന്ധുവും സുഹൃത്തും ഒപ്പം ചേര്‍ന്ന് വിഷ്ണുവിനെ അതിക്രൂരമായി മര്‍ദിക്കുയും ചെയ്തതായാണു സൂചന. മര്‍ദനത്തില്‍ അവശനായ വിഷ്ണുവിനെയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോയില്‍ കൊണ്ടുവന്ന് ശാര്‍ക്കരയ്ക്ക് സമീപം 108 ആബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പെരുങ്ങുഴി ഇടഞ്ഞിമൂല കോളം റെയില്‍വേ ട്രാക്കിനു സമീപത്തുവച്ചാണ് യുവാവിനെ ക്രുരമായി മര്‍ദിച്ചതെന്ന് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."