ഇടുക്കി മെഡിക്കല്‍ കോളജ്: അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
ചെറുതോണി: നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇടുക്കി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.
പതിനായിരം ചതുരശ്ര അടി വിസ്താരത്തില്‍ പന്ത്രണ്ടര കോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അക്കാദമിക്ക് ബ്ലോക്ക് കേരളത്തിലെ തന്നെ ഏറ്റവും മികച്ച നിര്‍മ്മാണമായി മാറുകയാണ്. ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജമാകുന്ന അക്കാദമിക് ബ്ലോക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 300 കിടക്കകളുള്ള ആശുപത്രി സമുച്ഛയത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 85 കോടിയാണ് ഇതിനായി ചിലവഴിക്കുന്നത്. 125 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപയാണ് മെഡിക്കല്‍ കോളജിനായി വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി കള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള സൗകര്യങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉടന്‍ തന്നെ രണ്ടാംഘട്ട പരിശോധനയ്ക്കായി എത്തും. മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റ്യന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ എച്ച്. ദിനേശ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി. വി വര്‍ഗീസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, കിറ്റ്‌കോ പ്രതിനിധികള്‍ പങ്കെടുക്കും. സമയ ബന്ധിതമായി അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പിന്തുണ നല്‍കിയ മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറിനെയും ഇടുക്കിയിലെ ജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കുന്നതായും അഡ്വ ജോയ്‌സ് ജോര്‍ജ്ജ് എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."