പാന്‍സിങ് തോമര്‍ എന്ന കായിക താരത്തിന്റെ കഥ
എഴുപത് വര്‍ഷം മുമ്പത്തെ സംഭവമാണ്. സൈന്യത്തിന്റെ പരിശീലന ഗ്രൗണ്ടാണ് വേദി. കടുത്ത പട്ടാളച്ചിട്ടയില്‍ പതിവ് പരിശീലനം നടക്കുകയാണവിടെ. ഇടയില്‍ ഒരു പയ്യന്‍ പരിശീലകനോട് എന്തോ കാര്യത്തില്‍ തര്‍ക്കിച്ചു, ശിക്ഷയും കിട്ടി. വിശാലമായ ഗ്രൗണ്ടില്‍ ഏതാനും റൗണ്ടുകള്‍ ഓടാനായിരുന്നു ഉത്തരവ്. ആ പയ്യന്റെ ഓട്ടം അവിടെ നില്‍ക്കുന്ന ഒരു ഓഫിസര്‍ പ്രത്യേകം ശ്രദ്ധിച്ചു. മിടുക്കനായ അത്‌ലറ്റിന്റെ ശൈലിയിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. അവന്‍ ഒന്നാംതരം കായികതാരമായി വളരുമെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ ആ ഓഫിസര്‍ തിരിച്ചറിഞ്ഞു. മിടുക്കനായ അവനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി മികച്ച കായിക പരിശീലനം നല്‍കി.
സ്റ്റീപ്പ്ള്‍ ചേസില്‍ തുടര്‍ച്ചയായി ദേശീയ ചാംപ്യനായ പാന്‍സിങ് തോമര്‍ എന്ന കായികതാരത്തിന്റെ കഥയാണിത്. മൂവായിരം മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ തോമര്‍ സ്ഥാപിച്ച ദേശീയ റെക്കോഡ്, നീണ്ട പത്തുവര്‍ഷക്കാലം തകര്‍ക്കപ്പെടാതെ കിടന്നു.
1958 ലെ ടോക്യോ ഏഷ്യന്‍ ഗെയിംസില്‍ തോമര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ ഭിദോസ എന്ന ചെറുഗ്രാമത്തില്‍ 1932 ലെ പുതുവര്‍ഷപ്പുലരിയില്‍ രജപുത്രകുടുംബത്തില്‍ പിറന്നുവീണ ആ ആണ്‍കുഞ്ഞിന്റെ പ്രതിഭ കണ്ടെത്തി വിളക്കിയെടുത്ത കഥയില്‍നിന്ന് ഏറെയുണ്ട് നമുക്ക് പഠിക്കാന്‍.
തോമറിന്റെ ജീവിതകഥയുടെ അടുത്ത ഭാഗം ഞെട്ടിക്കുന്നതായിരുന്നു. തലയ്ക്ക് പൊലിസ് വിലയിട്ട കൊടുംകുറ്റവാളിയായി മാറിയ തോമറിന്റെ കഥയാണ് പില്‍ക്കാലത്ത് നാം കേള്‍ക്കുന്നത്. 1981 ല്‍ അഞ്ഞൂറിലേറെ വരുന്ന സായുധരായ പ്രത്യേക പൊലിസ് സംഘം ഏറ്റുമുട്ടലിലൂടെയാണ് ആ പഴയ ഏഷ്യന്‍ ഗെയിംസ് താരത്തെ വെടിവച്ച് കൊന്നത്. അനുകൂല സാഹചര്യങ്ങളാണ് തോമറിനെ കായിക താരമായി വളര്‍ത്തിയത്. അതേ വ്യക്തിയെ കൊടുംകുറ്റവാളിയും കൊലപാതകിയുമാക്കി മാറ്റിയതും വ്യത്യസ്തമായ മറ്റൊരു സാഹചര്യം തന്നെ. ഭൂമിതര്‍ക്കത്തില്‍ നിന്നു തുടങ്ങിയ തീവ്രമായ കുടിപ്പക.
അഭിമാനം കാക്കാന്‍ വേണ്ടിയുള്ള കൊലപാതകം. ആ ഘട്ടത്തില്‍ പിന്തിരിപ്പിക്കാന്‍ ആരുമുണ്ടാവാതിരുന്നതിന്റെ ദുരന്തം. സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്ത വീരനായകന്‍ കൊടുംഭീകരനും വെറുക്കപ്പെട്ടവനും ആയി മാറുന്ന ദുരവസ്ഥ.
കായിക താരത്തില്‍നിന്ന് കുറ്റവാളിയായി മാറിയ തോമറിന്റെ ആ കഥ, 2012 ല്‍ ചലച്ചിത്രമായി. പേര് പാന്‍സിങ് തോമര്‍ എന്നുതന്നെ.
കായികതാരത്തില്‍ നിന്ന് ചലച്ചിത്രതാരമായി വേദി മാറിയ സാക്ഷാല്‍ ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു സിനിമയില്‍ തോമറിന്റെ റോള്‍ അഭിനയിച്ചത് എന്നത് മറ്റൊരു കൗതുകം. ആ ഉജ്ജ്വലമായ അഭിനയം ഇര്‍ഫാന്‍ ഖാന് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു. സാഹചര്യങ്ങളുടെ സ്വാധീനത്തെക്കുറിച്ച് നെല്‍സണ്‍ മണ്ടേല പറയുന്നതിങ്ങനെ.
'I was not a messiah, but an ordinary man who had become a lea-der because of extraor-dinary circumstances'. Nelson Mandel-a.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."