മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗം 90 പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ അംഗീകാരം
മലപ്പുറം: നഗരസഭയുടെ 90 പദ്ധതികളുടെ നിര്‍വഹണത്തിനായി ലഭിച്ച ടെന്‍ഡറുകള്‍ നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മരാമത്ത് പ്രവൃത്തികളുടെ ടെന്‍ഡറുകള്‍ക്കാണ് അംഗീകാരമായത്. ടെന്‍ഡറുകളില്‍ കരാറുകാര്‍ ഒത്തുകളിച്ചെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ അപാകതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് പ്രവൃത്തികള്‍ വൈകിപ്പിക്കുകയാണെന്നും വേണമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യാമെന്നും ഭരണപക്ഷം നിലപാടെടുത്തു. പിന്നീട് ടെന്‍ഡറുകള്‍ക്ക് ഐക്യകണ്‌ഠ്യേന അംഗീകാരം നല്‍കുകയായിരുന്നു. മലപ്പുറം കാവുങ്ങലില്‍ പുഴയോരത്തിനോട് ചേര്‍ന്ന് റോഡില്‍ വീതി കുറവായ ഭാഗത്ത് ഭിത്തി കെട്ടി സംരക്ഷിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിനായി അപേക്ഷ സമര്‍പ്പിക്കും.
നഗരസഭയിലെ മുട്ടകോഴി വളര്‍ത്തല്‍ പദ്ധതിയില്‍ 1000 അപേക്ഷകളില്‍ 579 എണ്ണം വിതരണം ചെയ്തതായി ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല പറഞ്ഞു. നഗരസഭക്കു കീഴില്‍ മലപ്പുറം പട്ടര്‍കടവിലുള്ള ബഡ്‌സ് സ്‌കൂളും മുണ്ടുപറമ്പിലെ നഗരസഭ ഷീസ്റ്റേയും ഉദ്ഘാടനത്തിന് സജ്ജമായതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
മുണ്ടുപറമ്പില്‍ സജ്ജീകരിച്ച ഇരുനില കെട്ടിടത്തിലാണ് വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുക. ഒരേ സമയം 35 ഓളം പേര്‍ക്ക് താമസ സൗകര്യമുണ്ട്. നിലവില്‍ പ്രതി മാസം 3000 രൂപയാണ് ഹോസ്റ്റല്‍ വാടകയായി ഈടാക്കുക. പത്ത് ദിവസത്തില്‍ താഴെ താമസിക്കുന്നതിന് പ്രതിദിനം 150 രൂപയും വാടക ഈടാക്കും. ഷീ സ്റ്റേ പദ്ധതിക്കായി നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. യോഗത്തില്‍ സി.എച്ച് ജമീല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."