യുവാവിനെ മര്‍ദിച്ചു കൊന്ന കേസ്: എസ്.ഐയെ അന്വേഷണ ചുമതലയില്‍നിന്ന് നീക്കി
കൊല്ലം: പെണ്‍കുട്ടിയെ പരിഹസിച്ചെന്നാരോപിച്ച് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ വീടുകയറി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐയെ ചുമതലയില്‍നിന്ന് നീക്കി.
കേസ് ഒത്തുതീര്‍ക്കാന്‍ പൊലിസ് ശ്രമിച്ചെന്ന പിതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ആരോപണവിധേയനായ ചവറ തെക്കുംഭാഗം എസ്.ഐ ജയകുമാറിനെ അന്വേഷണ ചുമതലയില്‍നിന്ന് നീക്കിയത്. ഇതുസംബന്ധിച്ച് കരുനാഗപ്പള്ളി എ.സി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു ഇടപെട്ടാണ് നടപടിയെടുത്തത്. പകരം അന്വേഷണ ചുമതല ചവറ സി.ഐ ചന്ദ്രദാസിന് നല്‍കി. തേവലക്കര അരിനല്ലൂര്‍ ചിറാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ള-രജനി ദമ്പതികളുടെ മകന്‍ രഞ്ജിത്തി(18)നെയാണ് സംഘം വീടുകയറി മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രഞ്ജിത്ത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരിച്ചത്.
തലക്ക് അടിയേറ്റതിനെ തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ അരിനല്ലൂര്‍ സ്വദേശി വിനീതിനെ ചവറ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിനീതിനെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജയില്‍ ഡി.ജി.പി അറിയിച്ചു. മര്‍ദനം ഉണ്ടായതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്കായി എസ്.ഐ വിളിച്ചിരുന്നെന്ന് രഞ്ജിത്തിന്റെ പിതാവ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 14ന് രാത്രിയിലായിരുന്നു രഞ്ജിത്തിനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്‌ക്കൊപ്പമെത്തിയ സംഘത്തിലെ ജയില്‍വാര്‍ഡന്‍ മര്‍ദിക്കുന്നത്. തുടര്‍ന്ന് 15ന് രാവിലെ തെക്കുംഭാഗം പൊലിസ് സ്റ്റേഷനില്‍ രഞ്ജിത്തിന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കെതിരേയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലിസ് ഒരു പടികൂടി കടന്ന് വൈകിട്ട് ഒത്ത് തീര്‍പ്പിനും ശ്രമം നടത്തി. ഇതിനിടെ കൊലപാതകത്തില്‍ സരസന്‍ പിള്ളയുടെ പങ്ക് നിഷേധിച്ച് സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തി.
ഇപ്പോള്‍ പിടിയിലായ പ്രതി കോണ്‍ഗ്രസുകാരനാണെന്നു അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പൊലിസ് തയാറാകാതിരുന്നത് വിവാദമായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."