കനത്ത സുരക്ഷയില്‍ സഊദിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
ദമ്മാം: കനത്ത സുരക്ഷയില്‍ സഊദിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. റമദാന്‍ അവസാന ദിനങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ രാജ്യത്തെ ഇമാമുമാര്‍ പെരുന്നാള്‍ ദിനത്തില്‍ കനത്ത താക്കീതാണ് നല്‍കിയത്.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസും തീവ്രവാദത്തിനെതിരേ പെരുന്നാള്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തിന്റെ സമ്പത്തായ യുവാക്കളെ തീവ്രവാദ ചിന്തകള്‍ കുത്തിവച്ചു വഴിതിരിച്ചുവിടുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു നേരിടുമെന്ന് രാജാവ് മുന്നറിയിപ്പു നല്‍കി. മുസ്‌ലിം ഐക്യത്തിനു കര്‍മരംഗത്തിറങ്ങാന്‍ രംഗത്തിറങ്ങാനും രാജാവ് ആഹ്വാനം ചെയ്തു.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫിയും നേതൃത്വം നല്‍കി. തീവ്രവാദ ചിന്തകളെ നേരിടാന്‍ സമൂഹം ഒന്നിക്കണമെന്നു മക്ക ഇമാം ഉദ്‌ബോധിപ്പിച്ചു. തീവ്രവാദ ചിന്തകളെയും പ്രവര്‍ത്തനങ്ങനെയും ഐക്യത്തോടെ ഒറ്റക്കെട്ടായി നേരിടണമെന്നു വിവിധ പള്ളികളിലെ ഇമാമുമാര്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണങ്ങളെ അപലപിച്ച ഇമാമുമാര്‍, ആക്രമണങ്ങള്‍ക്കെതിരേ കടുത്ത വാക്കുകളുപയോഗിച്ചാണ് ആഹ്വാനങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."