പമ്പാനദി കരകവിഞ്ഞു; മാന്നാറിന്റെ പടിഞ്ഞാറന്‍ പ്രദേശം വെള്ളത്തിലായി
മാന്നാര്‍: മഴ കുറഞ്ഞെങ്കിലും ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍ കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.
പമ്പാനദി കര കവിഞ്ഞതോടെയാണ് മാന്നാറിന്റെ പടിഞ്ഞാറന്‍ പ്രദേശം പൂര്‍ണമായും വെള്ളത്തിലായത്. ഇതോടെ മാന്നാറില്‍ നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മാന്നാര്‍ പാവുക്കര നാല്‍പ്പഞ്ചില്‍ കോളനിയിലെ നൂറു കുടുംബങ്ങള്‍ക്കായി മാന്നാര്‍ പാവുക്കര കരയോഗം യു.പി സ്കൂളിലും വള്ളുവന്തിട്ട, മൂര്‍ത്തിട്ട ഭാഗത്തെ 200 കുടുംബങ്ങള്‍ക്കായി മുക്കാത്താരി പാലത്തിലും, പാവുക്കര ഇടത്തേ കോളനി ഭാഗത്തെ 150 കുടുംബങ്ങള്‍ക്കായി ഹരിജന്‍ വെല്‍ഫെയര്‍ സ്കൂളിലും, പൊതുവൂര്‍ ഭാഗത്തെ 200 കുടുംബങ്ങള്‍ക്കായി പൊതുവൂര്‍ കമ്യൂണിറ്റി ഹാളിലുമാണ് ഇന്നലെ ക്യാംപുകള്‍ തുറന്നത്. ഇനിയും ആള്ക്കാരെത്തുമെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതലായി തുടങ്ങേണ്ടി വരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ പറഞ്ഞു. വള്ളക്കാലിക്കു തെക്ക് വാലേല്‍ ഭാഗത്തെ 12 പേരടങ്ങുന്ന മൂന്നു കുടുംബക്കാര് പാടത്തിന്റെ നടുക്ക് ഒറ്റപ്പെട്ട നിലയിലാണ്. ക്യാന്‍സര്‍ രോഗിവരെ ഇവിടെയുണ്ട്. കന്നുകാലികള്‍, താറാവ്, കോഴി തുടങ്ങിയവ ഉള്ളതിനാലും ഇവര്‍ക്ക് താമസിക്കാന്‍ സമീപത്തായി മറ്റു സ്ഥലങ്ങളില്ലാത്തതിനാലുമാണ് ഇവര്‍ ഒറ്റപ്പെട്ടു കഴിയുന്നത്.
കൂടാതെ ഇവര്‍ക്ക് പുറത്തേയ്ക്ക് പോകുവാന്‍ വള്ളമോ ചങ്ങാടമോ ഇല്ല. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പഞ്ചായത്തംഗം അജീഷ് കോടാകേരില്‍ പറഞ്ഞു. മാന്നാര്‍, വീയപുരം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിത മേഖലയിലും ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളിലും കൊടിക്കുന്നില്‍ സുരേഷ് എ.പി സന്ദര്‍ശിച്ചു. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍, പഞ്ചായത്തംഗങ്ങളും എം.പിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."