കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
കോഴിക്കോട്: കോഴിക്കോട് എകരൂരില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് കുടുംബം അത്തേളി പൊലിസില്‍ പരാതി നല്‍കി.
എകരൂര്‍ ഉണ്ണികുളം സ്വദേശി അശ്വതി(35)യും ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് നല്‍കിയ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. അമ്മയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടോടെ അമ്മയും മരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന്‍ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്‌കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. പിന്നീട് ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കംചെയ്തു.
ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകീട്ടോടെ മരണം സംഭവിച്ചത്.
"Kozhikode Tragedy: Mother and Unborn Child Die, Family Alleges Medical Negligence"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."