പിരമിഡുകളുടെ താഴ്‌വരയില്‍
ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍നിന്നു പുറത്തിറങ്ങിയ ശേഷം ഗിസയിലുള്ള പിരമിഡുകള്‍ കാണാനായി പിന്നീടുള്ള യാത്ര. ഒരു സാധാരണ ടാക്‌സിക്കാരനുമായി പോയിവരാനുള്ള കരാറിലെത്തി. 250 ഗിനിയാണു കൂലി. ജുനൈഹ് എന്ന അറബി പദം ലോപിച്ചാണു ഗിനി ആയത്. ഈജിപ്ഷ്യന്‍ പൗണ്ട് എന്നും പറയാറുണ്ട്. ജ എന്ന അക്ഷരം ഗ എന്ന് ഉച്ചരിക്കുന്നവരാണ് ഈജിപ്തുകാര്‍.
കെയ്‌റോ നഗരത്തില്‍നിന്ന് 15 മിനുട്ട് യാത്രയേയുള്ളൂ ഗിസയിലേക്ക്. ശൈത്യകാലമായതിനാല്‍ തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. കുറച്ചു ദുര്‍ഘടമായ ഒരിടത്താണു ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ടൂറിസം ഓഫിസെന്നു പേരുവച്ച ഒരിടത്താണ് ടാക്‌സിക്കാരന്‍ ഞങ്ങളെ ഇറക്കിയത്. ചതിയന്മാരെന്നു പേരുകേട്ട ഒട്ടകവണ്ടിക്കാരുടെ മടയില്‍. പറഞ്ഞ വില പലവട്ടം മാറ്റിപ്പറയുന്ന ചതിയുടെ എല്ലാ പാഠങ്ങളും പഠിച്ചവര്‍. മുന്നൂറ് ഗിനി ഒരാള്‍ക്ക് എന്ന നിലയില്‍ യാത്ര ഉറപ്പിച്ചു. ഭരണകൂടത്തിന് എന്നു പറഞ്ഞു പിന്നെയും പണമാവശ്യപ്പെട്ടു. അതും കൂടാതെ ടിപ്‌സും ചോദിച്ചുവാങ്ങി.
ഗിസയില്‍ പിരമിഡുകള്‍ കാണാനുള്ള ഒട്ടകയാത്ര ഏറെ ദുര്‍ഘടമായിരുന്നെങ്കിലും കാഴ്ചകള്‍ അതിമനോഹരമായിരുന്നു. ഫറോവമാരുടെ കാലത്ത് ഈജിപ്തില്‍ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കുമുള്ള ഓര്‍മകുടീരങ്ങളായിട്ടാണ് പിരമിഡുകള്‍ നിര്‍മിക്കപ്പെട്ടിരുന്നത്. മരണശേഷം അവര്‍ക്കുള്ള പ്രത്യേക ബഹുമതിയായി അവ അറിയപ്പെടുകയും ചെയ്തു. മണല്‍ക്കല്ലില്‍ (വിലകൂടിയ ചുണ്ണാമ്പുകല്ലില്‍) പണി തീര്‍ത്തവയാണ് പിരമിഡുകള്‍. ഏതാണ്ട് ചെറുതും വലുതുമായി 94ഓളം പിരമിഡുകളുണ്ട് ഈജിപ്തില്‍. ഗിസയിലുള്ള മൂന്ന് പിരമിഡുകളാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്. ഞങ്ങള്‍ക്ക് ഈ പിരമിഡുകള്‍ മാത്രമേ കാണാനായുള്ളൂ.
ഏറ്റവും വലുതും ഉയരം കൂടിയതും 4,300 വര്‍ഷം പഴക്കമുള്ള ഖുഫു എന്ന ഫറോവയുടെ പേരില്‍ നിര്‍മിച്ച പിരമിഡാണ്. ഏതാണ്ട് 137 മീറ്റര്‍ (455 അടി) ആണ് ഉയരം കണക്കാക്കുന്നത്. പുരാതനകാലത്തുതന്നെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായിരുന്നുവത്രെ ഇത്. 1889ല്‍ ഫ്രാന്‍സില്‍ ഈഫല്‍ ടവര്‍ നിര്‍മിക്കുന്നതുവരെ ലോകത്തെ ഏറ്റവും ഉയരമുള്ളതെന്ന പദവിയും ഈ പിരമിഡ് നിലനിര്‍ത്തി. പിരമിഡുകള്‍ നിലനില്‍ക്കുന്ന ഗിസ പ്രദേശത്തെ നെക്രോപോളിസ് എന്നും വിളിച്ചിരുന്നു.
മരുപ്രദേശത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഈ പിരമിഡുകള്‍ വിസ്മയകരമായ കാഴ്ച തന്നെയാണ്. പുരാതനകാലത്ത് ഇങ്ങനെയൊരു നിര്‍മിതി രൂപപ്പെടുത്താന്‍ എത്രമാത്രം മനുഷ്യാധ്വാനം ആവശ്യമായിരുന്നുവെന്ന് ഊഹങ്ങള്‍ക്കുമപ്പുറമാണ്. ശില്‍പ്പകലയിലെ ഏറ്റവും മികച്ച കലാസൃഷ്ടിയായിട്ടാണ് പിരമിഡുകള്‍ അറിയപ്പെടുന്നത്. ഇന്നും ഒരത്ഭുതമായതു നിലനില്‍ക്കുന്നു. ഒരാള്‍പൊക്കത്തിലുള്ള കല്ലുകള്‍ ഇത്രയും ഉയരത്തിലേക്ക് യാതൊരു യന്ത്രസാമഗ്രികളുടെയും പിന്‍ബലമില്ലാതെ എങ്ങനെ ഉയര്‍ത്തിയെന്ന ചോദ്യം ഇന്നും അത്ഭുതമായി അവശേഷിക്കുന്നു. പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ചു വിദൂരത്തുള്ള അസ്വാന്‍ ക്വാറികളില്‍നിന്നു ചങ്ങാടങ്ങളില്‍ നൈല്‍നദിയിലൂടെയാണ് ഇത്രയും ഭാരമേറിയ കല്ലുകള്‍ ഒഴുക്കിക്കൊണ്ടുവന്നത്. ഏതാണ്ട് രണ്ടര ടണ്‍ വലിപ്പത്തിലുള്ള ഇരുപത്തിരണ്ട് ലക്ഷം കല്ലുകള്‍ ഉപയോഗിച്ചാണ് ഏറ്റവും വലിയ പിരമിഡിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും വലിയ കല്ലിന് 15 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്ക്. ഏതാണ്ട് 23 വര്‍ഷമെടുത്തിട്ടാണു കൂറ്റന്‍ പിരമിഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സിമന്റും മറ്റും കണ്ടുപിടിക്കാത്ത കാലത്ത് തെല്ലും വിടവില്ലാതെ തീര്‍ത്ത, നിര്‍മാണവൈദഗ്ധ്യം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ പിരമിഡുകള്‍ക്കകത്തേക്ക് ഇടുങ്ങിയ ഇടനാഴിയിലൂടെ പ്രവേശിക്കാം. വടക്കുഭാഗത്തായി രണ്ടു കവാടങ്ങളാണ് പിരമിഡുകള്‍ക്കുള്ളത്. അകത്തേക്കു കടന്നാല്‍ ഒരു ചേമ്പറിലെത്താം. അതും അത്രവിശാലമൊന്നുമല്ലെങ്കിലും വലിയ മുറിയാണ്. താഴോട്ടുള്ള ഇടനാഴിയിലൂടെ മറ്റൊരു മുറിയിലേക്ക്. അതാണു വലിയ ചേമ്പര്‍. ഇടനാഴികളിലൂടെ തലതാഴ്ത്തി വേണം നടക്കാന്‍. അകത്ത് ഒരു നിലവറയില്‍ അടക്കം ചെയ്ത ഫറോവയുടെ ശവക്കല്ലറ ഇന്ന് അവിടെയില്ലെങ്കിലും മുന്നോട്ടുചെന്നാല്‍ ചെറിയൊരു നിലവറ നമുക്കു കാണാം. അത്ഭുതങ്ങളുടെ കലവറയാണ് ഉള്‍ഭാഗത്തും നമ്മള്‍ കാണുന്നത്. ഇന്നും ആര്‍ക്കും മനസിലാവാത്ത കുറേ അറകള്‍ അതിനകത്തുണ്ടെന്നും ഗൈഡ് പറയുന്നതു കേട്ടു.
സ്ഫിങ്ക്‌സ് കല്‍പ്രതിമ
ഗിസയിലുള്ള പ്രശസ്തമായ പിരമിഡുകള്‍ക്കടുത്തുള്ള അത്ഭുതക്കാഴ്ചയാണു കുമ്മായക്കല്ലില്‍ തീര്‍ത്ത ഗ്രേറ്റ് സ്ഫിങ്ക്‌സ് (പ്രതിമ). ഗ്രീക്ക് മിത്തോളജിയില്‍നിന്നാണത്രെ ഈ സാങ്കല്‍പികരൂപം ഈജിപ്തിലേക്കെത്തുന്നത്. ഫറോവമാരുടെ രാജകീയ ശക്തിയുടെയും പ്രൌഢിയുടെയും പ്രതീകമായി നിര്‍മിച്ചതാണ് ഈ പ്രത്യേക പ്രതിമ. മൃഗങ്ങളുടെ വന്യമായ കരുത്തിനെ സൂചിപ്പിക്കുന്നതാണു സിംഹരൂപമുള്ള ഉടല്‍. കഫ്ര പിരമിഡിന്റെ വടക്കുകിഴക്കായാണ് ഗ്രേറ്റ് സ്ഫിങ്ക്‌സ് നിലകൊള്ളുന്നത്.
4,500 വര്‍ഷം പഴക്കമുള്ള ഈ പ്രതിമയ്ക്ക് 20 മീറ്റര്‍ ഉയരവും 73 മീറ്റര്‍ നീളവുമുണ്ടെന്നാണു കണക്കുകള്‍. മൂക്കും താടിയും തകര്‍ന്നുപോയിട്ടുണ്ട്. നെപ്പോളിയനുമായുള്ള ആക്രമണത്തില്‍ തകര്‍ന്നതാണെന്നും അതല്ല അതിനുംമുന്‍പ് സംഭവിച്ചതാണെന്നുമുള്ളതില്‍ ചരിത്രഗവേഷകരില്‍ തീര്‍പ്പില്ല. വളരെ നേര്‍ത്ത മണല്‍കല്ലില്‍ നിര്‍മിച്ചതിനാല്‍ ഈ പ്രതിമയ്ക്കു പലതവണ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവന്നു. പിരമിഡുകള്‍ക്കൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന സങ്കീര്‍ണതകളേറെയുള്ള ഈ പ്രതിമ പൈതൃക വൈചിത്ര്യത്തിന്റെ സൗന്ദര്യക്കാഴ്ച തന്നെയാണ്.
സലാഹുദ്ദീന്‍ കോട്ട
പൗരാണികതയുടെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയതാണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള സലാഹുദ്ദീന്‍ കോട്ട. ഒരു കൂറ്റന്‍ കവാടത്തിലൂടെയാണ് ഈ ഉള്‍കോട്ടയിലേക്കു പ്രവേശിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ പൊന്‍താരകമായ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി പണികഴിപ്പിച്ചതാണു കോട്ട. പിന്നീട് ഈജിപ്തില്‍ മാറിവന്ന പല രാജാക്കന്മാരുടെയും ഭരണസിരാകേന്ദ്രമായിരുന്നു. ഈജിപ്ത് ചരിത്രത്തിനു രാഷ്ട്രീയപരമായ മിഴിവു പകര്‍ന്ന ഉന്നത സ്ഥാനമുള്ള കോട്ടയാണത്രെയിത്.
രാജ്യത്തിനു പല ആക്രമണങ്ങളില്‍നിന്നും സംരക്ഷണം നല്‍കിയ ഈ ചരിത്രപ്രസിദ്ധമായ ഉള്‍കോട്ടക്കുള്ളില്‍ പൊലിസ്, സൈനികര്‍ എന്നിവരുടേതുള്‍പ്പെടെ നാല് മ്യൂസിയങ്ങളും പ്രസിദ്ധമായ മുഹമ്മദലി പള്ളിയുള്‍പ്പെടെ മുന്നു പള്ളികളുമുണ്ട്. ഓരോ നിര്‍മിതിയും ഓരോ കാലത്തെ അടയാളപ്പെടുത്തുന്നു. ഉസ്മാനിയ ശില്‍പ്പകലയെ അടയാളപ്പെടുത്തുന്ന മുഹമ്മദലി പള്ളി സമുച്ചയവും മംലൂക്ക് രാജവംശകാലത്തെ അടയാളപ്പെടുത്തുന്ന അല്‍ നാസര്‍ മുഹമ്മദ് കലാവൂന്‍ പള്ളി സമുച്ചയവും മുഹമ്മദ് സുലൈമാന്‍ പാഷയുടെ പേരില്‍ മറ്റൊരു പള്ളിയും കോട്ടക്കകത്ത് ഞങ്ങള്‍ കണ്ടു. പഴയ കാലത്തെ ജയില്‍മുറികള്‍ അതേപോലെ നിലനിര്‍ത്തിയിട്ടുണ്ട്. കോട്ടക്കുള്ളില്‍ മുകളില്‍നിന്നു പുറത്തേക്കുനോക്കിയാല്‍ കെയ്‌റോ നഗരത്തിന്റെ നേര്‍ചിത്രം നമുക്കു കാണാം.
അല്‍അസ്ഹര്‍
ലോക പ്രശസ്തമായ അല്‍അസ്ഹര്‍ പള്ളി സമുച്ചയവും സര്‍വകലാശാലയും കാണാതെ കെയ്‌റോ യാത്ര പൂര്‍ത്തിയാവില്ല. ഏതാണ്ട് 1,000 വര്‍ഷത്തെ പഴക്കമുള്ള കെയ്‌റോയിലെ ആദ്യത്തെ ഇസ്‌ലാമിക സര്‍വകലാശാല കൂടിയാണ് അല്‍അസ്ഹര്‍ പള്ളി. ഫാത്തിമിയാ കാലത്താണ് അല്‍അസ്അഹര്‍ നിര്‍മിച്ചത്. കെയ്‌റോയില്‍ ജുമുഅ(വെള്ളിയാഴ്ച പ്രാര്‍ഥന)യുണ്ടായിരുന്ന ഏക പള്ളിയും ഇതായിരുന്നു. ഇന്നു കാണുന്നതിന്റെ പകുതിയേ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ.
ഇന്നു ലോകത്തെ തന്നെ വലിയ സര്‍വകലാശാലകളില്‍ ഒന്നാണ് അല്‍അസ്ഹര്‍. അസ്ഹര്‍ വെറുമൊരു സര്‍വകലാശാലയുമല്ല; വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കുള്ള ദിശാകേന്ദ്രം കൂടിയാണത്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെനിന്ന് അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ശാസ്ത്രവിഷയങ്ങളും പഠിച്ചിറങ്ങുന്നു. ഞങ്ങള്‍ അവിടെച്ചെന്നപ്പോള്‍ പള്ളിയില്‍ ഇന്തോനേഷ്യയിനിന്നുവന്ന ഒരു വലിയ ആള്‍ക്കൂട്ടത്തിനുള്ള ക്ലാസ് നടക്കുകയായിരുന്നു. വിനോദസഞ്ചാരികളാണവര്‍. സര്‍വകലാശാലയില്‍ പഠിക്കുന്ന മലയാളികളെയും പരിചയപ്പെടാനായി.
സൗഹാര്‍ദത്തിന്റെ മതസമുച്ചയങ്ങള്‍
അല്‍അസ്ഹറില്‍നിന്ന് ഏതാനും മിനുറ്റുകള്‍ മുന്നോട്ടുനീങ്ങിയാല്‍ വിവിധ മതങ്ങളുടെ സമുച്ചയം എന്നു പേരുള്ള വിശാലമായ ഒരു പ്രദേശത്തെത്താം. കോപ്റ്റിക് ക്രിസ്ത്യാനികളുടെ പഴയ കേന്ദ്രമാണിത്. എട്ട് ക്രിസ്ത്യന്‍ പള്ളികളും ഒരു സിനഗോഗും(ജൂത ആരാധനാലയം) ഇവിടെയുണ്ട്. അസ്ഹറിനോടു ചേര്‍ത്തതിനാലാണു മതസൗഹാര്‍ദ സമുച്ചയമെന്ന പേരുവന്നത്.
സെന്റ് ജോര്‍ജ് ചര്‍ച്ച്, കെട്ടിത്തൂക്കിയ(ഹാങ്ങിങ്)ചര്‍ച്ച് എന്നിവ ഇതിലെ പ്രധാനമാണ്. എല്ലാ ആരാധനാകേന്ദ്രങ്ങളിലേക്കും എല്ലാവര്‍ക്കും പ്രവേശനമുണ്ട്. ആരാധനയെക്കാളുപരി ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്. റോമന്‍ ബസലിക്കയുടെ രൂപത്തിലുള്ള സെന്റ് ബാര്‍ബറ പോലുള്ള പല ചര്‍ച്ചുകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോപ്റ്റിക് ക്രിസ്ത്യാനികളുടെ ക്രിസ്മസ് ആഘോഷം ജനുവരി ഏഴിനാണ്. അതിന്റെ ഒരുക്കത്തിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ പള്ളി കമ്മിറ്റികള്‍. അച്ഛന്മാരുടെ ഒരു മീറ്റിങ് പള്ളിയില്‍ നടക്കുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവിലാണു ജൂതന്മാരുടെ ബിന്‍ എസ്‌റ സിനഗോഗുള്ളത്. നേരത്തെ ഇതൊരു കോപ്റ്റിക് ക്രിസ്ത്യാനികളുടെ ചര്‍ച്ചായിരുന്നുവെന്നും ജൂതന്മാര്‍ക്കു പിന്നീടു വില്‍ക്കുകയായിരുന്നുവെന്നാണു ചരിത്രം.
മസ്ജിദ് ഹുസൈന്‍ ബിന്‍ അലിയും
അംറു ബിന്‍ ആസും
അല്‍അസ്ഹറില്‍നിന്ന് ഇറങ്ങി നേരെ പോയത് മസ്ജിദ് ഹുസൈന്‍ ബിന്‍ അലി കാണാനാണ്. അവിടെ ചെന്നപ്പോള്‍ അതാ ഒരു മഖ്ബറ. ചുറ്റുവട്ടം ആളുകളും. ചിലര്‍ പ്രാര്‍ഥിക്കുന്നു, ചിലര്‍ നിസ്‌കരിക്കുന്നു. കൂടെയുണ്ടായിരുന്ന ലിയാഖത്തിനോട് ചോദിച്ചപ്പോഴാണറിയുന്നത്. പ്രവാചക പൗത്രന്‍ ഹുസൈനിന്റെ മഖ്ബറയാണതെന്ന്. ഈയുള്ളവന്‍ ഇറാഖിലെ കര്‍ബലയില്‍ ഹുസൈന്‍ ഖബറിടം സന്ദര്‍ശിച്ച് അധികമായിട്ടില്ല. പിന്നെ എങ്ങനെ കെയ്‌റോയിലും എന്ന കണ്‍ഫ്യൂഷനായി. അതങ്ങനെയാണ്, ചരിത്രത്തിലെ ചില വൈരുധ്യങ്ങള്‍. വീണ്ടും ഞാന്‍ ഒരാളോട് ഒന്നുകൂടി ചോദിച്ചു, ഇറാഖിലുള്ളത് വ്യാജമഖ്ബറയാണോയെന്ന്. അദ്ദേഹം പറഞ്ഞു: ഇറാഖിലുള്ളത് ഉടലും കെയ്‌റോയില്‍ തലയുമാണെന്ന്.
ഈജിപ്തിലെയും ആഫ്രിക്കയിലെയും ആദ്യത്തെ പള്ളിയാണ് സൂഖുഷിത്താഇനടുത്ത മസ്ജിദ് അംറു ബിന്‍ ആസ്. എ.ഡി 642ല്‍ സ്വഹാബി പ്രമുഖനായ അംറു ബിന്‍ ആസ് പണികഴിപ്പിച്ച പള്ളിയാണത്രെയിത്. രാജകീയ പള്ളിയെന്നും പുരാതന പള്ളിയെന്നുമൊക്കെയാണ് ഇതറിയപ്പെടുന്നത്. സമചതുരത്തില്‍ വിശാലമായിക്കിടക്കുന്ന പള്ളി അസ്ഹറിനെക്കാള്‍ 600 വര്‍ഷങ്ങള്‍മുന്‍പ് പണിതതായാണു ചരിത്രം. അക്കാലത്തെ ഏറ്റവും വലിയ ബൗദ്ധികകേന്ദ്രവും ഈ പള്ളിയായിരുന്നു. ഒരു സര്‍വകലാശാലയെക്കാള്‍ ഉയര്‍ന്നുനിന്നിരുന്ന ഈ കേന്ദ്രത്തില്‍ ഇമാം ഷാഫിയെ പോലുള്ള പ്രമുഖരുടെ മതപാഠങ്ങളും പ്രഭാഷണങ്ങളും നടന്നുവന്നിരുന്നു.
പുതിയ കെയ്‌റോയിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളാണു പ്രകടമാകുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ കുതിച്ചുചാട്ടം നടത്തുന്ന കെയ്‌റോയുടെ ഹരിതകാഴ്ചകളും മനോഹാരമാണ്. ഒലീവ് തോട്ടങ്ങളും വാഴയും പച്ചക്കറികളും വിവിധ വര്‍ണങ്ങളില്‍ പൂവിട്ടുനില്‍ക്കുന്ന ചെടികളും യഥേഷ്ടമായി കെയ്‌റോ നഗരത്തിരക്ക് കഴിഞ്ഞാല്‍ നമുക്കു കാണാം.
വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കെയ്‌റോ സമ്മാനിക്കുന്നതു വെറുംകാഴ്ചകളല്ല; ചിരപുരാതനവും വിശിഷ്ടവുമായ ഒരു നാഗരികതയുടെ ചരിത്രസ്മൃതികൂടിയാണ്. പഴയ കാലത്തിന്റെ പൈതൃകങ്ങളുടെ നേര്‍ക്കാഴ്ചകളാണവ. അനന്തമായ ആ അക്ഷയഖനിയും അതിന്റെ അനുപമലാവണ്യവും ആരെയാണു മോഹിപ്പിക്കാത്തത്! അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആ മഹാവിസ്മയങ്ങളുടെ സാംസ്‌കാരികശേഷിപ്പുകള്‍ക്കുവേണ്ടി ഈജിപ്തിലും കെയ്‌റോയിലുമൊക്കെ ഇന്നും ഖനനം തുടരുന്നു. കെയ്‌റോയില്‍നിന്നു മടങ്ങുമ്പോള്‍ ഇത്രമേല്‍ വശ്യമായ പൈതൃകക്കാഴ്ചകള്‍ കണ്ടില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന തോന്നലായിരുന്നു ഉള്ളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."