ഇശല്‍ പെരുമ' അഞ്ചിന് വടകരയില്‍
വടകര: മലയാളത്തിലെ പ്രിയ കവിയും മാപ്പിളപ്പാട്ട് രംഗത്തെ വേറിട്ട വ്യക്തിത്വവും പ്രശസ്ത ഗാന രചയിതാവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി എഫാസ് വടകര സംഘടിപ്പിക്കുന്ന അനുസ്മരണവും പുരസ്‌കാര വിതരണവും മാര്‍ച്ച് അഞ്ചിന് വടകര ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് മാപ്പിളപ്പാട്ടിന്റെ സംഗീത സുല്‍ത്താന്‍ എം.കുഞ്ഞിമൂസക്കാണ് ഈ വര്‍ഷത്തെ പി.ടി.സ്മാരക പുരസ്‌കാരം.
അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക് പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനവും പുരസ്‌കാര ദാനവും നിര്‍വഹിക്കും. ഫൈസല്‍ എളേറ്റില്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
തുടര്‍ന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമിയുടെ നേതൃത്വത്തില്‍ പതിനാലാം രാവ് റിയാലിറ്റി ഷോയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന 'ഇശലിമ്പം'മാപ്പിളപ്പാട്ട് മ്യൂസിക്കല്‍ മെഗാഷോ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വി.ടി.മുരളി, ജനറല്‍ കണ്‍വീനര്‍ ടി.വി.എ.ജലീല്‍, കാനപള്ളി ബാലകൃഷ്ണന്‍, മഹറൂഫ് വെള്ളികുളങ്ങര, എന്‍.ചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."