സന്തോഷം പകര്‍ന്ന് ചെറിയ പെരുന്നാളാഘോഷം
മലപ്പുറം: വിശുദ്ധിയുടെ മാധുര്യം പങ്കുവെച്ചു വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. മുപ്പത് നാളിലെ വ്രതപുണ്യവുമായി വിരുന്നെത്തിയ ചെറിയ പെരുന്നാളില്‍ നാടെങ്ങും പെരുന്നാള്‍ പ്രഭയിലായിരുന്നു. ശവ്വാല്‍ പിറവിയോടെ പള്ളികളില്‍ തക്ബീര്‍ മുഖരിതമായി. ബുധനാഴ്ച രാവിലെ ഏഴുമണി മുതല്‍ വിവിധ സമയങ്ങളിലായി രാവിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം നടന്നു. പുതു വസ്ത്രങ്ങളണിഞ്ഞു തക്ബീര്‍ ധ്വനികളോടെ ആയിരക്കണക്കിനു വിശ്വാസികളാണ് പെരുന്നാള്‍ നിസ്‌കാരത്തിനു സംഗമിച്ചത്. ജുമുഅത്ത് പള്ളികള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ നിസ്‌കാര പള്ളികളിലും, ചിലയിടത്ത് ഈദ്ഗാഹുകളിലും സംഘടിപ്പിച്ചു. നിര്‍ബന്ധ ദാനമായ ഫിത്വര്‍ സകാത്ത് വിതരണം ചെയ്ത ശേഷമാണ് വിശ്വാസികള്‍ നിസ്‌കാരത്തിനെത്തിയത്. ആത്മ സംസ്‌കരണത്തിന്റെ ദിനരാവുകള്‍ പകര്‍ന്ന ജീവിത വിശുദ്ധി തുടര്‍ ജീവിതത്തില്‍ പുലര്‍ത്തണമെന്നും സ്‌നേഹവും ഐക്യവും പകരുന്ന സന്തോഷത്തിന്റെ പെരുന്നാള്‍ സുദിനം ദൈവിക മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തണമെന്നും ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു. നിസ്‌കാരത്തിനും ഖുത്വുബക്കും ശേഷം പരസ്പരം ആശംസകള്‍ കൈമാറിയും മരണപ്പെട്ടവരുടെ ഖബറിടങ്ങളില്‍ പ്രാര്‍ഥന നടത്തിയുമാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്നു പിരിഞ്ഞത്. കുടുംബങ്ങളൊത്ത് വിരുന്നൊരുക്കിയും കുടുംബ, അയല്‍ വീടുകള്‍ സന്ദര്‍ശിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായും ആഘോഷനാള്‍ ധന്യമാക്കി.
പെരുന്നാള്‍ ദിനത്തില്‍ രാവിലെ മുതല്‍ ജില്ലയില്‍ മഴ തിമര്‍ത്തു പെയ്തതിനാല്‍ നഗരങ്ങളിലും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത്തവണ തിരക്കു കുറഞ്ഞു. വന്‍ തിരക്കനുഭവപ്പെട്ടുവരുന്ന മലപ്പുറം കോട്ടക്കുന്നിലുള്‍പ്പെടെ സന്ദര്‍ശകര്‍ കുറവായിരുന്നു. എങ്കിലും ജില്ലയിലെ നിരത്തുകളിള്‍ നല്ല വാഹനത്തിരക്ക് അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."