ഉരുവച്ചാലില്‍ കട കുത്തിതുറന്ന് കവര്‍ച്ച
ഉരുവച്ചാല്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന എലഗന്റ് ഹാര്‍ഡ് വേഴ്‌സ് ആന്‍ഡ് ഇലട്രിക്കല്‍ സ്ഥാപനം കുത്തി തുറന്ന് പണം കവര്‍ന്നു. കടയുടെ മുന്‍ വശത്തെ ഒരുഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിനകത്തും പുറത്തുമുള്ള എട്ടു സി.സി.ടി.വി കാമറകള്‍ തിരിച്ചു വച്ചും ഹാര്‍ ബോര്‍ഡ് ഉപയോഗിച്ചു മറച്ചുമാണ് കവര്‍ച്ച നടത്തിയത്.
ഷട്ടര്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ച 82,000 രൂപ കവര്‍ന്നു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ മട്ടന്നൂര്‍ എസ്.ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വി കാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തി വരികയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ഡോഗ് സ്‌ക്വാഡ് കവര്‍ച്ച നടന്നസ്ഥാപനത്തില്‍ നിന്ന് പഴശ്ശി പള്ളിക്ക് സമീപത്തുള്ള റോഡരികിലുള്ള വീടു വരെ ഓടി. ഇത് കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളില്‍ മോഷണവും മോഷണ ശ്രമങ്ങളും വ്യാപകമാകുമ്പോള്‍ പൊലിസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ. സുധാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."