കൊവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് അടിയന്തിര ധന സഹായം നൽകണം: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി
ജിദ്ദ: കൊറോണ രോഗം ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്ന് ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ജോലി നഷ്ടപെട്ടും തൊഴിൽ കരാർ അവസാനിച്ചും കുടുങ്ങിപ്പോയ പ്രവാസികളുടെ തിരിച്ചു വരവിനുള്ള മുഴുവൻ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കണമെന്നും കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കാൻ പ്രവാസികൾ വഹിച്ച പങ്കിന് ചെറിയ തോതിലെങ്കിലും നന്ദികാണിക്കാൻ ഈ പ്രതിസന്ധി സമയത്ത് സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
വീഡിയോ കോൺഫ്രൻസ് വഴി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ബാബു നഹ്ദി ഉൽഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ആവശ്യ മരുന്നുകൾ കിട്ടാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നാട്ടിൽ നിന്ന് മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, പ്രവാസ ലോകത്തു കോവിഡ് ബാധിതരെയും ജോലി നഷ്ടപെട്ടവരെയും സഹായിക്കുന്നതിന് ഇന്ത്യൻ എംബസി വെൽഫെയർ ഫണ്ടിൽ നിന്നും അടിയന്തിര സഹായം അനുവദിക്കുക, ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നു വിദഗ്ദരായ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ അയക്കുക, എംബസിയുടെ കീഴിൽ കോറന്റൈൻ - ഐസൊലേഷൻ സംവിധാനം ഒരുക്കുക, രോഗ ലക്ഷണമുള്ളവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് എംബസിയുടെ കിഴിൽ ആംബുലൻസുകൾ ലഭ്യമാക്കുക, നാട്ടിലേക്ക് മടങ്ങാൻ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ടെസ്റ്റിന് വേണ്ട ചിലവ് എംബസ്സിയുടെ കീഴിലെ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് എം പിമാരും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് പരിഹാരം കാണണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കത്തയക്കും. ഭാരവാഹികളായ സീതി കൊളക്കാടൻ, മജീദ് അരിമ്പ്ര, ഇല്ലിയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, സുൾഫിക്കർ ഒതായി, സാബിൽ മമ്പാട്, അബ്ദുൽ ഗഫൂർ, അബ്ബാസ് വേങ്ങൂർ, അഷ്‌റഫ് വി വി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗ: സെക്രട്ടറി കെ ടി ജുനൈസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."