സാമ്പത്തിക മാന്ദ്യം കരുതലില്ലായ്മയുടെ സൃഷ്ടി
വീണ്ടുമൊരിക്കല്‍ക്കൂടി ആഗോള സാമ്പത്തിക മാന്ദ്യം മാനവരാശിയെ തുറിച്ചുനോക്കുകയാണ്. പ്രതിസന്ധികള്‍ കൂടുതല്‍ ബാധിക്കുക അടിസ്ഥാന വര്‍ഗ്ഗത്തിനും പട്ടിണിപ്പാവങ്ങള്‍ക്കുമാണ്. കോടീശ്വരന്മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും ബാങ്ക് ബാലന്‍സില്‍ ചെറിയ ഒരു വ്യതിയാനം സംഭവിച്ചേക്കാം. ഈ സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ചില വ്യാവസായിക കുത്തകകള്‍ക്ക് അമിത ലാഭവും ഉണ്ടാകും. സമ്പത്തിന് നീതിപൂര്‍വമായ പങ്കുവയ്പ്പും വിനിയോഗവും പരിഷ്‌കൃത സമൂഹത്തിലും പ്രകടമല്ല. ലോക സാമ്പത്തിക അടിത്തറതന്നെ സാമ്രാജ്യശക്തികളുടെ ചൊല്‍പ്പടിയിലാണ്. കൂടുതല്‍ ചെലവഴിക്കുന്ന സമൂഹം കൂടുതല്‍ സാമ്പത്തിക അഭിവൃദ്ധി കൈവരിച്ചവരാണന്നാണ് കണക്കാക്കപ്പെടുന്നത്. വാസ്തവത്തില്‍ ഇത് പൊള്ളയായ ഒരു സാമ്പത്തിക അവലോകനം മാത്രമാണ്. ധൂര്‍ത്തിന് മാര്‍ക്കിടുന്ന സര്‍വേ പഠനങ്ങളാണ് ഇപ്പോഴും വിലയിരുത്തലിന് ആധാരമാക്കുന്നത്.
പലിശയില്‍ അധിഷ്ഠിത സാമ്പത്തിക ക്രമമാണ് സമ്പത്തിന്റെ നൈതികത നിഷേധിക്കുന്നത്. വളര്‍ച്ച മുരടിപ്പിക്കുന്ന വായ്പാ സമ്പ്രദായമാണ് നിലവിലുള്ളത്. അടിസ്ഥാന വര്‍ഗ്ഗത്തെയും ആവശ്യക്കാരെയും സമര്‍ഥമായി കൊള്ളയടിക്കുന്ന സാമ്പത്തിക സമീപനരേഖ മാറണം. പലിശരഹിത ബാങ്കിങ് മികച്ച സാധ്യത പഠനത്തിലൂടെ കണ്ടെത്തിയ കേരളത്തില്‍ 'അല്‍ ബറക' പലിശരഹിത ബാങ്കിന് അംഗീകാരത്തിനു വേണ്ടി റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. കാരണം വ്യക്തം, നമ്മുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് പണം കൊടുത്ത് പണം ഇരട്ടിപ്പിക്കുന്ന പലിശ സമ്പ്രദായത്തിലാണ്. വളര്‍ച്ചാ വേഗത മരവിപ്പിക്കുകയും മുരടിപ്പിക്കുകയും സാമ്പത്തിക അടിമത്വം നിലനിര്‍ത്തുകയുമാണ് ഇതിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ റവന്യൂ വരുമാനത്തില്‍ 48 ശതമാനം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണം. 18 ശതമാനമെങ്കിലും പെന്‍ഷന്‍ കൊടുക്കണം. അത്ര തന്നെ മറ്റു ഭരണനിര്‍വഹണങ്ങള്‍ക്കും നീക്കിവെക്കണം. കടമെടുത്ത പണത്തിന് പലിശ അടക്കാനും നല്ലൊരു പങ്ക് വേണം. ബാക്കി വരുന്ന തുക വളരെ പരിമിതം. അടച്ചുപൂട്ടല്‍ വന്നതില്‍ പിന്നെ വരുമാന വാതിലുകള്‍ ഭൂരിഭാഗവും അടഞ്ഞു. പ്രത്യക്ഷ, പരോക്ഷ നികുതികള്‍ നാലിലൊന്നായി കുറഞ്ഞു എന്നാണ് ധനകാര്യവകുപ്പ് മന്ത്രി തന്നെ പറയുന്നത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ ജീവനക്കാരെ തൃപ്തിപ്പെടുത്താന്‍ രൂപീകരിച്ച ശമ്പള കമ്മിഷനുകള്‍ കൃത്യമായ ഒരു പഠനത്തെ ആധാരമാക്കി അല്ല പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ചത്. ഭരണകൂടവും സര്‍വിസ് സംഘടനകളും ഉദ്യോഗസ്ഥരും നടത്തിവന്ന പരസ്പര സഹായ സഹകരണ സംഘമാണ് നിലവിലുള്ളത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രതിഫലന ശേഷിയുള്ള ഭാവന സമ്പന്നമായ സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍ രൂപീകരിച്ചിട്ടില്ലങ്കില്‍ മുടിഞ്ഞു പോയ ഇല്ലം പോലെ കേരളം അന്യം നിന്നു പോകും.
കഠിനാധ്വാനികള്‍ക്ക് പണമില്ല. ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച് പണിയൊന്നുമില്ലാതെ കറങ്ങി നടക്കുന്നവര്‍ക്ക് കൈ നിറയെ കാശ്. ശമ്പള സ്‌കെയില്‍ സമതുലിതമല്ല. ജനപ്രതിനിധികള്‍ ഒന്നിലധികം പെന്‍ഷനും ഓണറേറിയവും വാങ്ങുന്നത് തിരുത്തി സാമ്പത്തിക ചോര്‍ച്ച തടയണം. കൊവിഡ് വന്നില്ലെങ്കിലും നാം വലിയ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്നു. കടം വാങ്ങി വിഹിതിച്ചെടുക്കുന്ന വിചിത്ര സാമ്പത്തിക സമീപനമാണ് മാറ്റേണ്ടത്. ഭരണച്ചെലവും വെട്ടിക്കുറയ്ക്കണം. നിരവധി പെഴ്‌സണല്‍ സ്റ്റാഫുകള്‍, അത്ര തന്നെ സുരക്ഷാ വാഹനം, പാര്‍ക്കാന്‍ പാലസ്, ഉല്ലാസയാത്ര - ഇതിനെല്ലാം പൊതു ഫണ്ട് തന്നെ ശരണം.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടാല്‍ നിര്‍മാണ മേഖല നിശ്ചലമാവും. പ്രവാസികളുടെ തിരിച്ചുവരവ് പണമൊഴുക്ക് തടയും, ഉല്‍പ്പാദനവും വിപണനവും നിലയ്ക്കും. തൊഴില്‍ വിപണി ഇപ്പോള്‍ തന്നെ അടഞ്ഞുകിടക്കുന്നു. ആഗോള മാന്ദ്യത്തിന് കേരളം പെട്ടെന്ന് ഇരയാവും. ഉപഭോഗ സംസ്ഥാനമെന്ന നിലക്കും അധിക ചെലവ് ശീലമാക്കിയവരെന്ന നിലക്കും പണക്കുറവ് പ്രതിഫലിക്കുക കമ്പോളങ്ങളിലാണ്. ചലനമറ്റ മാര്‍ക്കറ്റ് നികുതി വരുമാനത്തേയും ബാധിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ ബില്ലുകള്‍ മാറുന്നില്ല. കടമെടുക്കുക, വീണ്ടും കടമെടുക്കുക എന്ന ഒറ്റമൂലിയില്‍ എത്ര കാലം അഭയം തേടാനാവും? ഒരു ഉടച്ചുവാര്‍ക്കല്‍ കാലം കാതോര്‍ക്കുന്നു. കപ്പയും കാട്ടു കിഴങ്ങുകളും വാഴക്കുലകളും അതിജീവന മാര്‍ഗങ്ങളായിരുന്ന പോയ കാലം തിരിച്ചുവരാന്‍ അധിക താമസമില്ല. നിയന്ത്രിത സമൂഹത്തിന് നിലനില്‍പ്പ് എളുപ്പമാണ്.
സമൂലമായ മാറ്റം നിലനില്‍പ്പിനാവശ്യമാണ്. തൊഴിലിടങ്ങള്‍ വര്‍ധിപ്പിക്കാനാവശ്യമായ പദ്ധതികള്‍ രൂപപ്പെടണം. മുണ്ട് മുറുക്കി ഉടുക്കാന്‍ ഒരു കൂട്ടരും അടിച്ചു മാറ്റി വിഴുങ്ങാന്‍ മറ്റൊരു കൂട്ടരുമെന്ന വിചിത്രലോക ക്രമം തിരുത്തപ്പെടണം. അന്താരാഷ്ട്ര നാണയനിധി അടിസ്ഥാനപരമായി പിന്നാക്ക രാഷ്ട്രങ്ങളെ സഹായിക്കാനല്ലല്ലോ ഇടപെടാറുള്ളത്. വട്ടിപ്പലിശക്കാരെ പോലെ അവസരം മുതലെടുത്ത് തടിച്ചു കൊഴുക്കാനാണ്. 'ഇസ്‌ലാമിക ബാങ്കിങ്' പരിഹാരമായി പരീക്ഷിച്ചു നോക്കണം. കറന്‍സി മാര്‍ക്കറ്റില്‍ പണലഭ്യത ഉറപ്പ് വരുത്തണം. ഇതിലൂടെ കറന്‍സി മരണം സംഭവിക്കാതെ ഉപയോഗപ്പെടുന്നു. കാര്‍ഷിക, വ്യാവസായിക, കച്ചവട രംഗങ്ങള്‍ ചലിക്കുന്നു. മൂലധനം ബാങ്കില്‍ തിരികെ എത്തുകയും വായ്പ തുടരുകയും ചെയ്യാം. ലാഭകരമായ കൂട്ടുകച്ചവടങ്ങളുടെ ലാഭ വിഹിതവും മൂലധനത്തിലേക്ക് വന്നു ചേരുന്നു. പലിശയും പിഴപ്പലിശയും പൊതു രംഗത്ത് നിന്നു നാട് നീങ്ങിയാലേ സാമ്പത്തിക അടിമത്വം അവസാനിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."