ആറ് ജില്ലകള്‍ റെഡ്‌സോണില്‍, മൂന്നിടത്ത് സ്ഥിതി അതീവ ഗുരുതരം; ലോക്ക് ഡൗണ്‍ മെയ് 29വരെ നീട്ടി തെലങ്കാന
ഹൈദരാബാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഏഴ് മണിക്കൂര്‍ നീണ്ട ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.
നിലവില്‍ തെലങ്കാനയിലെ ആറ് ജില്ലകള്‍ റെഡ് സോണിലാണ്. ഇതില്‍ മൂന്ന് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജി.എച്ച്.എം.സി, രംഗ റെഡ്ഡി, മെഡച്ചാല്‍ എന്നീ ജില്ലകളാണ് നിയന്ത്രണാതീതമായ രീതിയില്‍ തുടരുന്നത്. പതിനെട്ടെണ്ണം ഓറഞ്ചിലും ഒമ്പതെണ്ണം ഗ്രീന്‍ സോണിലുമാണ്- തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണിലുള്ള കടകള്‍ പോലും നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കിയിട്ടും മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ കടകളെല്ലാം അടഞ്ഞ് തന്നെ കിടക്കുകയാണെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
നിലവില്‍ തെലങ്കാനയില്‍ 1096 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 439 പേരാണ് ഇപ്പോള്‍ ട്രീറ്റ്‌മെന്റില്‍ ഉള്ളത്. 628 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.
കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മൂന്നാമതും നീട്ടുന്നതിനു മുന്‍പ് തന്നെ തെലങ്കാന മെയ് 7 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്തിരുന്നു. അതേസമയം കാര്‍ഷിക മേഖലയ്ക്ക് സംസ്ഥാനം ഇളവ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തത നിലനിര്‍ത്തണമെന്നും ഇതിന് ആളുകള്‍ ശ്രദ്ധയോടെ കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങണമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."