പങ്കാളിത്ത പെന്‍ഷന്‍: ഉത്തരവുകള്‍ ഇറക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതിനും ധനവകുപ്പിനോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നതിനും വകുപ്പ് മേധാവികള്‍ക്കും സ്ഥാപന മേധാവികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധന സംബന്ധിച്ച് വിവിധ വശങ്ങള്‍ പഠിച്ച് സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമിതി വിവിധ വിഷയങ്ങള്‍ പരിശോധിച്ചു വരുന്നതിനിടയില്‍ വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും സ്വന്തം നിലയില്‍ തീരുമാനമെടുത്ത് ഉത്തരവിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ധന വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്.സമിതിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വകുപ്പ് മേധാവികള്‍ ഉത്തരവ് പാലിക്കാന്‍ തയാറായില്ല.
ഇതേതുടര്‍ന്നാണ് ധന വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശമോ ഉത്തരവോ ഇല്ലാതെ വകുപ്പുകള്‍ സ്വന്തം നിലയില്‍ നടപടി സ്വീകരിക്കുകയോ വിവരശേഖരണം നടത്തുകയോ തീരുമാനം കൈക്കൊള്ളുകയോ ചെയ്യാന്‍ പാടില്ലെന്നും ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും നിയമസഭയിലും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കലാണ് സമിതിയുടെ പ്രധാന ചുമതല.
റിട്ട. ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബുവാണ് ചെയര്‍മാന്‍.
മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയരക്ടര്‍ പ്രൊഫ. ഡി. നാരായണ എന്നിവരാണ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."