വായനാ പക്ഷാചരണം നടത്തി:നമ്മുടേത് സമ്പന്നമായ വായന സംസ്‌കാരം : ജില്ലാ കലക്ടര്‍ ടി.വി അനുപമ
തൃശൂര്‍ :കേരളത്തിന്റേത് സമ്പന്നമായ വായനാ സംസ്‌കാരമാണെന്നും ഇതു വരുംതലമുറയിലേക്കു പകര്‍ന്നു നല്‍കണമെന്നും ജില്ലാ കലക്ടര്‍ ടി.വി അനുപമ.
ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍, സാക്ഷരതാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തിയ ജില്ലാതല വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍.
1950-60 കാലഘട്ടങ്ങളില്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ചൊരു വായനാസംസ്‌കാരം നിലനിന്നിരുന്നു. വായനയിലൂടെ നമുക്ക് കൈവന്നത് ആശയങ്ങളെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ്.
ഇതിന്റെ ഭാഗമായി സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തിനെത്താനായി. എഴുപതു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് സമൂഹം വായനയെ എത്രത്തോളം ആഗിരണം ചെയ്തുവെന്നത് പ്രസക്തമാണ്.
വായന മരിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം അതിനെ നിറഞ്ഞമനസോടെ സ്വീകരിക്കുന്നുവെന്നത് ഏറെ ആശാവഹമാണ്. ജനകീയവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന് വായന ഉപകരിച്ചുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ ദിശാബോധത്തിന് വായന ഏറെ ഉപകരിച്ചുവെന്നും ഇതിലൂടെ ചിട്ടയായ ജീവിത രീതി ഉണ്ടാക്കിയെടുത്തുവെന്നും തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വായനാദിന സന്ദേശത്തില്‍ പറഞ്ഞു.
ചൈതന്യമായ വായന പുതിയ തിരിച്ചറിവുകള്‍ക്ക് ഉതകുമെന്നും പുതുസംസ്‌കാരത്തില്‍ വായനക്ക് ഇടംനല്‍കണമെന്നും ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി.
കേരളസ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായ ടി.കെ വാസു പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളസ്റ്റേറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍. ആര്‍ മല്ലിക, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്‌കുമാര്‍, സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ പങ്കെടുത്തു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.ആര്‍. സന്തോഷ് നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലയിലെ മികച്ച ആറ് ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു.
മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട എടത്തിരിത്തി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലെ ടി.എ.ശങ്കരന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ പൂങ്കുന്നം ജി.എച്ച്.എച്ച്.എസ്, എറിയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വലപ്പാട് ജി.വി.എച്ച്.എസ് എന്നിവയ്ക്കും പുത്തന്‍ചിറ പുത്തന്‍ബസാറിലെ തുടര്‍വിദ്യാകേന്ദ്രത്തിനും പുസ്തക കിറ്റുകള്‍ നല്‍കി.
ജില്ലയിലെ 12 സബ് ജില്ലകളിലെ സ്‌കൂളുകളിലും വായനാപക്ഷാചരണത്തിന് തുടക്കമായി. വിവിധ വായനശാലകളില്‍ വനിതകള്‍ക്ക് വേണ്ടി വായനാമത്സരം സംഘടിപ്പിച്ചു.
പഞ്ചായത്തു ലൈബ്രറികളില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ന് ജില്ലയിലെ യു.പി സ്‌കൂളുകളിലെ 82 കേന്ദ്രങ്ങളില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുപെട്ടി സ്ഥാപിക്കും.
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്ത് തല വായനാ പക്ഷാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി.എ നദീര്‍ ഉദ്ഘാടനം ചെയ്തു.
പുത്തന്‍ചിറ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ രാജേഷ് അധ്യക്ഷനായി. യുവ എഴുത്തുകാരി സ്മിത ലെനീഷ് വിശിഷ്ടാതിഥിയായിരുന്നു.
മുന്‍ പ്രധാനാധ്യാപകന്‍ ടി.എ ശശികുമാര്‍, വായനശാല സെക്രട്ടറി ദേവരാജന്‍, പി.ടി.എ പ്രസിഡന്റ്് ബിജു അഞ്ചേരി, അധ്യാപിക സുനിത സംസാരിച്ചു.
രമാദേവി വല്ലത്ത്, എ.ജെ ശ്രേയ പുസ്തക പരിചയം നടത്തി. ഗ്രീഷ്മ, ഗൗരി എന്നിവര്‍ കവിതാലാപനം നടത്തി. മൊഴി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
തെക്കന്‍ താണിശേരി സെന്റ്് സേവിയേഴ്‌സ് എല്‍.പി സ്‌കൂളില്‍ എന്റെ പുസ്തകം, എന്റെ വായന, എന്റെ പെട്ടി പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
ഓരോ മാസവും ഏറ്റവും നല്ല വായനാക്കുറിപ്പ് എഴുതുന്ന കുട്ടികള്‍ക്കു കുഴൂര്‍ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ നിശ്ചിത തുക സമ്മാനമായി നല്‍കുന്ന പദ്ധതിയാണ് വായനാപ്പെട്ടി പദ്ധതി.
വായനാ പക്ഷാചരണം പ്രശസ്ത കലാകാരന്‍ ദിലീപ് മാള ഉദ്ഘാടനം ചെയ്തു. ഫാ. ചാള്‍സ് ചിറ്റാട്ടുകാരന്‍ അധ്യക്ഷനായി. അന്നമനട ബാബുരാജ് വായനാദിന സന്ദേശം നല്‍കി. പോളി ആന്റണി വായനാപ്പെട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.യു വിത്സന്‍, പി.ഡി മെല്‍ഡ, ജോഫിയ ജോസഫ്, ജിസ്മി ജോയ് സംസാരിച്ചു. അമ്മ വായനയും നടന്നു.
കുഴൂര്‍: ഗവണ്‍മെന്റ്് ഹൈസ്‌കൂളില്‍ വായനാ പക്ഷാചരണവും പഞ്ചായത്ത് തല ഉദ്ഘാടനവും എഴുത്തുപെട്ടി'യുടെ ഉദ്ഘാടനവും സംസ്‌കൃതപണ്ഡിതന്‍ പ്രൊഫ. ആര്‍.എസ് പൊതുവാള്‍ നിര്‍വഹിച്ചു. ഉള്ളിലെ അന്ധകാരത്തെ മാറ്റി വെളിച്ചത്തിലേക്കു നയിക്കാന്‍ വായനയില്‍ സംസ്‌കരിക്കപ്പെട്ട മനസിനു മാത്രമെ കഴിയൂ എന്നദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഡി പോള്‍സണ്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ സദാനന്ദന്‍, ഗ്രാമപഞ്ചായത്തംഗം സില്‍വി സേവ്യര്‍, കെ.പി പോള്‍സര്‍, ഐ ബാലഗോപാലന്‍ സംസാരിച്ചു.
കാരുമാത്ര : ഗവ: യു.പി സ്‌കൂളും കരൂപ്പടന്ന വായനശാലയും സംയുക്തമായി നടത്തിയ വായനാ പക്ഷാചരണം കാരുമാത്ര വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് അമ്മ വീട് മുഖ്യ പ്രഭാഷണം നടത്തി.
എസ്.എം.സി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ അധ്യക്ഷനായി . പ്രധാനാധ്യപിക മെര്‍ലിന്‍ ജോസഫ്, വായനശാല പ്രതിനിധി ഷാഹുല്‍ ഹമീദ്, അധ്യാപകരായ വി.എന്‍ മഞ്ജു , പി.കെ മേഘ്‌ന , കെ.ബി രജനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."