വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഭാര്യ അറസ്റ്റില്‍
തൊടുപുഴ: കൂട്ടാറില്‍ വയോധികനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍. കൂട്ടാര്‍ തീയേറ്റര്‍പടി പെരുമ്പട്ടി തങ്കച്ചന് എന്ന വര്‍ഗീസി (80)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ സാറാമ്മ (72) ആണ് അറസ്റ്റിലായത്.
തങ്കച്ചന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ജീര്‍ണിച്ച നിലയില്‍ വീടിന്റെ പിന്‍ഭാഗത്തായി പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടത്. ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കൊലപാതകം. ഉറങ്ങിക്കിടന്ന തങ്കച്ചനെ കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. മുഖത്തിന്റെ വലതുവശത്തും തലയ്ക്ക് പുറകിലുമായി നാല് മുറിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ വീടിന്റെ ഭിത്തികളിലും വീട്ടുപകരണങ്ങളിലും ചോരപ്പാടുകളും കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് നെടുങ്കണ്ടം സി.ഐ റെജി എം കുട്ടിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റം സമ്മതിച്ചത്.
കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഇവര്‍ പൊലിസിനോട് പറഞ്ഞു. മാനസിക അസ്വാസ്ഥ്യമുള്ള സാറാമ്മ മുന്‍പും തങ്കച്ചനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."