രാമനാട്ടുകര നഗരസഭ: മാലിന്യനീക്കം അവതാളത്തില്‍
സ്വന്തം ലേഖകന്‍
ഫറോക്ക്: രാമനാട്ടുകര നഗരസഭയില്‍ മാലിന്യനീക്കം അവതാളത്തില്‍. ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു സ്ഥലമില്ലാത്തതാണ് ഇതിന് തടസമാകുന്നത്. പുതിയ നഗരസഭാ കാര്യാലയം നിര്‍മ്മിക്കുന്നതിനായി വാങ്ങിയ ചെത്തുപാലത്തിനു സമീപത്തുള്ള സ്ഥലത്തെ കെട്ടിടമാണ് മാലിന്യം വേര്‍തിരിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഭൂമി വാങ്ങുന്നതിനായി കെട്ടിടം നിലനിന്നിരുന്ന സ്ഥലം സ്വകാര്യ വ്യക്തിക്കു കൈമാറിയതോടെ ഇവിടുത്തെ കെട്ടിടം നഗരസഭ പൊളിച്ചുനീക്കുകയായിരുന്നു.
കൂടാതെ നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്തു മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ (എം.ആര്‍.എഫ്) നോക്കുകുത്തിയായി കിടക്കുന്നു. മാലിന്യ ശേഖരണം നടക്കാത്തതാണ് ഇതുവരെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതിന്റെ കാരണം. ഗതാഗതം ദുഷ്‌കരമായതിനാല്‍ മാലിന്യങ്ങള്‍ ഇവിടേക്കെത്തിക്കുന്നതിനും കയറ്റി അയക്കുന്നതിനും പ്രയാസമാണ്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള സൗകര്യം ഈ ഇടുങ്ങിയ കെട്ടിടത്തിലില്ലെന്നതും മറ്റൊരു കാരണമാണ്. ജില്ലാ ഭരണകൂടത്തിന്റെ സിറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 20ന് വി.കെ.സി മമ്മദ് കോയ എം.എല്‍.എയാണ് എം.ആര്‍.എഫ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജൈവവും അജൈവവും വേര്‍തിരിക്കുന്നതിനായാണ് എം.ആര്‍.എഫ് സെന്റര്‍ ആരംഭിച്ചത്. ഇവിടെ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിങ് കേന്ദ്രത്തിലേക്ക് അയക്കുകയും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ സിറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിച്ചു വേര്‍തിരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ രാമനാട്ടുകര നഗരസഭ കേന്ദ്രം ഉദ്ഘാടനം ചെയ്തതല്ലാതെ മാലിന്യ നീക്കത്തിനുള്ള നടപടിയൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മാലിന്യശേഖരണത്തിനായി രൂപീകരിച്ച ഹരിതകര്‍മസേനയിലേക്ക് 15 പേരെ നിയമിച്ചെങ്കിലും ഇവര്‍ക്ക് യാതൊരു പരിശീലനവും ഇതുവരെ നല്‍കിയിട്ടില്ല.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ ശേഖരിക്കുന്ന മാലിന്യം നിലവില്‍ നഗരസഭയുടെ നേതൃത്വത്തില്‍ റോഡ് സൈഡിലും മറ്റും കൂട്ടിയിട്ടു കത്തിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം ബൈപ്പാസില്‍ പാതയോരത്ത് തള്ളിയത് വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു നഗരസഭ അധികൃതര്‍ മണ്ണിട്ടുമൂടി തടിയൂരി.
ഫാറൂഖ് കോളജ് അടിവാരത്തെ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തടക്കം മാലിന്യം ശേഖരിച്ചു വച്ചരിക്കുന്നത് പ്രതിഷേധത്തിനടയാക്കിയിട്ടുണ്ട്. വില്ലേജ് ഓഫിസിനു പിന്‍വശത്ത് അറവ് മാലിന്യമടക്കമുള്ള മലിന ജലം കെട്ടികിടക്കുകയാണ്. രാമനാട്ടുകരയില്‍ അങ്ങാടികളില്‍നിന്നും മറ്റുമുള്ള മാലിന്യം നീക്കം ചെയ്യാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഇതിനോടകം തന്നെ നഗരസഭയില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."