പഞ്ചാബിന് വിജയത്തുടക്കം
ഇന്‍ഡോര്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍ തകര്‍ത്താടിയ മത്സരത്തില്‍ പൂനെയെ ആറു വിക്കറ്റിന് പഞ്ചാബിന് വിജയത്തുടക്കം. ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ റൈസിങ് പൂനെയുടെ 164 റണ്‍സ് വിജയലക്ഷ്യം ആറു പന്തു ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
ഗ്ലെന്‍ മാക്‌സ്‌വെല്‍(20 പന്തില്‍ 44*) ഡേവിഡ് മില്ലര്‍(30*) എന്നിവരുടെ കരുത്തിലാണ് പഞ്ചാബ് മികച്ച ജയം സ്വന്തമാക്കിയത്. നാലിന് 85 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 52 പന്തില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്. ബൗളിങിനെ കാര്യമായി പിന്തുണച്ച പിച്ചില്‍ കരുതലോടെയാണ് പഞ്ചാബ് തുടങ്ങിയത്. ഹാഷിം അംല(28) മനന്‍ വോറ(14) എന്നിവരാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. എന്നാല്‍ പന്തുകള്‍ കൂടുതല്‍ കളിച്ച അംല ടീമിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. 27 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും അംലയുടെ ബാറ്റില്‍ നിന്ന് പിറന്നു.
അശോക് ഡിന്‍ഡയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ വൃദ്ധിമാന്‍ സാഹ(14) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോകാന്‍ സാധിച്ചില്ല.
ഇമ്രാന്‍ താഹിര്‍ അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടിന് 49 എന്ന നിലയില്‍ പരുങ്ങിയ ടീമിനെ അക്ഷര്‍ പട്ടേല്‍(24) അംല സഖ്യമാണ് മുന്നോട്ടു നയിച്ചത്. ഇരുവരും കൂടുതല്‍ പന്തുകള്‍ നേരിട്ടത് ടീമിനെ സമ്മര്‍ദത്തിലാക്കി. രണ്ടു റണ്‍സിനിടെ ഇരുവരും പുറത്തായതോടെയാണ് മാക്‌സവെല്‍-മില്ലര്‍ സഖ്യം ക്രീസിലെത്തിയത്.
പൂനെയുടെ ബൗളിങ് നിരയെ സമര്‍ഥമായി നേരിടാന്‍ ഇരുവര്‍ക്കും സാധിച്ചു. മാക്‌സ്‌വെല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മില്ലര്‍ മികച്ച പിന്തുണ നല്‍കുകയായിരുന്നു. നാലു സിക്‌സറും രണ്ടു ബൗണ്ടറിയും മാക്‌സ്‌വെല്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മില്ലര്‍ 27 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. മാക്‌സ്‌വെല്ലാണ് കളിയിലെ താരവും.
നേരത്തെ ടോസ് നേടിയ പഞ്ചാബ് പൂനെയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു ടീമിന്റെ തുടക്കം. മായങ്ക് അഗര്‍വാള്‍(0) അജിന്‍ക്യ രഹാനെ(19) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്(26) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. അധികം വൈകാതെ മഹേന്ദ്ര സിങ് ധോണി(5) കൂടി പുറത്തായതോടെ ടീം നാലിന് 71 എന്ന നിലയിലേക്ക് വീണു.
ബെന്‍ സ്റ്റോക്‌സ്(50) മനോജ് തിവാരി(40*) എന്നിവരുടെ ഇന്നിങ്‌സാണ് ടീമിന് 160 മുകളിലൊരു സ്‌കോര്‍ നേടിക്കൊടുത്തത്. സ്റ്റോക്‌സ് 32 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. തിവാരി രണ്ടു സിക്‌സറും മൂന്നു ബൗണ്ടറിയുമടിച്ചു. രണ്ടു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങിയത്. അക്ഷര്‍ പട്ടേല്‍, നടരാജന്‍, മാര്‍കസ് സ്റ്റോയിനിസ്, സ്വപ്നില്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."