കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം വിപുലീകരണത്തിന് 100 കോടി
കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണത്തിനായി 100 കോടി രൂപ അനുവദിച്ചു. മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പു മന്ത്രി കെ.കെ ഷൈലജയ്ക്കു കൈമാറിയിരുന്നു.
മാനസികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്ന ഒരു ഏക്കര്‍ ഭൂമി പൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ കെട്ടിടം നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. 1,000 പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യത്തോടു കൂടിയുള്ളതായിരിക്കും പുതിയ കേന്ദ്രം. മാനസികാസ്വാസ്ഥ്യമുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു വിശാലമായ പൂന്തോട്ടങ്ങളും വിശ്രമത്തിനും വിനോദത്തിനുമുള്ള സ്ഥലസംവിധാനങ്ങളും ഉള്‍പ്പെടുത്തും. ഇതിനു പുറമെ കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധജനങ്ങള്‍, തടവുകാര്‍ തുടങ്ങി വിവിധ വിഭാഗം രോഗികള്‍ക്കായി പ്രത്യേക വാര്‍ഡുകളും മുറികള്‍, വിശാലവും രാജ്യാന്തര നിലവാരത്തിലുള്ളതുമായ ഒ.പി സംവിധാനം, അസുഖം ഭേദമായ രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള റിഹാബിലിറ്റേഷന്‍ സെന്റര്‍, മദ്യത്തിനും മയക്കുമരുന്നിനും മറ്റും അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള ഡീ-അഡിക്ഷന്‍ സെന്റര്‍, വിവിധ തൊഴില്‍ സംരംഭങ്ങള്‍, യന്ത്രവല്‍കൃത അടുക്കള തുടങ്ങിയവയും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആധുനിക ചികിത്സാ സൗകര്യങ്ങളും മികച്ച സേവനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട സംവിധാനങ്ങളുമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തെ ഇന്ത്യയിലെ മികച്ചതാക്കി മാറ്റുമെന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മന്ത്രി ഡോ. എം.കെ മുനീര്‍ പ്രഖ്യാപിച്ചിരുന്നു.
മാനസികാരോഗ്യ രംഗത്തു രാജ്യത്തെ മികച്ച സ്ഥാപനമായ ബംഗളൂരുവിലെ നിംഹാന്‍സി(നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ്)നേക്കാള്‍ മികച്ചതാക്കി കോഴിക്കോട്ടെ കേന്ദ്രത്തെ മാറ്റാനാണു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."