കോട്ടയം പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന്റെ മുഖം മാറുന്നു
കോട്ടയം: പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിലെ ആദ്യകാല കെട്ടിടം ഓര്‍മയാകുന്നു. നിലവില്‍ കുട്ടനാടന്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ച് ആധുനികസൗകര്യങ്ങളോടെ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിനുള്ള നടപടികളായി. കോണ്‍ഫറന്‍സ് ഹാളും വിഐപി മുറികളുമടക്കമുള്ള ബഹുനിലമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കി. ഓട് മേഞ്ഞ പഴയ കെട്ടിടത്തോടൊപ്പം പിന്നിലുള്ള ക്വാര്‍ട്ടേഴ്‌സും പൊളിച്ചു മാറ്റും. 410,000 രൂപയ്ക്കാണ് പഴയ കെട്ടിടം ലേലത്തില്‍ പോയത്. ഈ സ്ഥാനത്ത് പതിനാറ് മുറികളുള്ള 1800 ചതുരശ്രമീറ്ററിലുള്ള മൂന്ന് നില കെട്ടിടമാണ് ഉയരുക. താഴത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഏരിയയുമാണ്. രണ്ടും മൂന്നും നിലകളില്‍ ഏഴ് സാധാരണ മുറികളും ഓരോ വി.ഐ.പി മുറികളും സമാനരീതിയില്‍ പണിയും.
കോട്ടയം റസ്റ്റ് ഹൗസ് വളപ്പില്‍ നിലവില്‍ ക്യാമ്പ് ഷെഡിന് പുറമെ പന്ത്രണ്ട് വിഐപി മുറിയും പത്ത് സാധാരണ മുറികളുമാണ് കോട്ടയം റസ്റ്റ് ഹൗസില്‍ ഉള്ളത്. ഇതില്‍ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണ് പൊളിക്കുന്നത്. ഇവിടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നു. 5.90 കോടി രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. രണ്ടു വര്‍ഷമാണ് നിര്‍മാണ കാലാവധി. നഷ്ടത്തിലോടിയിരുന്ന സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം റസ്റ്റ് ഹൗസിലും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു.
പ്രധാനമായും കാന്റീന്‍ സ്വകാര്യവല്‍ക്കരിച്ചുവെന്നതാണ്. പണ്ട് റസ്റ്റ് ഹൗസ് മാനേജരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന കാന്റീനില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റിന് കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. വെളളം, വൈദ്യുതി, കേബിള്‍ കണക്ഷനുകള്‍ വിശ്ചേദിക്കുന്നത് നിത്യസംഭവമായിരുന്നു. അതേസമയം കാന്റീന്‍ നടത്തിപ്പ് രണ്ട് വര്‍ഷത്തേക്ക് സ്വകാര്യവ്യക്തിക്ക് ലേലത്തില്‍ നല്‍കിയതോടെ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം രൂപയുടെ അധികവരുമാനമാണ് ലഭിച്ചത്.
രാഷ്ട്രീയക്കാര്‍ക്കും മറ്റും സൗജന്യമായി നല്‍കുന്നത് കൂടാതെ രജിസ്റ്ററില്‍ എഴുതാതെ മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നതും പതിവായിരുന്നു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള മാനേജര്‍ക്ക് പല തവണ ഇതു സംബന്ധിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ മെമ്മോ നല്‍കുകയും മന്ത്രിതലത്തില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവുകയും ചെയ്തു തുടങ്ങിയതോടെ ഇതിനു മാറ്റമുണ്ടായി. തുറസായി കിടന്ന മുന്‍വശം കമാനം പണിത് ഗേറ്റ് വെച്ചു. പിന്നാലെയാണ് പുതിയ ബ്ലോക്കിന്റെ പണികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."