പുതു തലമുറയ്ക്ക് ആവശ്യം വായന കൂട്ടായ്മ: ഡോ. സാബു തോമസ്
കോട്ടയം: വളര്‍ന്നുവരുന്ന തലമുറ കൂട്ടായ്മയിലൂടെ വായനാശീലം വളര്‍ത്തിയെടുക്കണമെന്ന് എം.ജി സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. നീണ്ടൂര്‍ ഗവ. എസ്.കെ.വി സ്‌കൂളില്‍ വായനാ പക്ഷാചരണം 2018 ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വായനയെ സംബന്ധിച്ച് അമേരിക്കയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ചോദ്യങ്ങളിലൂടെയാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ഒരു വിദ്യാര്‍ഥി ഒരു വര്‍ഷം എത്ര നോവലുകള്‍ വായിക്കും എന്നതായിരുന്നു സദസ്സിനോട് ഉന്നയിച്ച ആദ്യത്തെ ചോദ്യം. 81.9 ശതമാനം കോളേജ് വിദ്യാര്‍ഥികളും ഒരു നോവല്‍ പോലും വായിക്കുന്നില്ല എന്നതാണ് നിജസ്ഥിതി . അതുപോലെ അധ്യാപകര്‍ തരുന്ന നോട്ടുകള്‍ പഠിക്കാനാണ് തങ്ങള്‍ ലൈബ്രറികള്‍ സന്ദര്‍ശിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സര്‍വ്വേയില്‍ പുറത്തു വന്നത്.
ഇതനുസരിച്ച് അമേരിക്കയിലെ ചില യൂണിവേഴ്‌സിറ്റികള്‍ ലെക്ച്ചര്‍ നോട്ട് എന്ന സമ്പ്രദായം നിര്‍ത്തലാക്കി. അമേരിക്കയില്‍ നടത്തിയ സര്‍വേ ആണെങ്കിലും ഏതു രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. വായന ഒരു ജീവിത ശീലമാക്കി എടുത്താല്‍ മാത്രമേ നമുക്കത് രസകരമാക്കാന്‍ സാധിക്കു.കുട്ടിക്കാലം മുതല്‍ക്കേ പത്രവായന ഒരു ശീലമാക്കി മാറ്റണം. ഒരു മലയാള പത്രവും ഒരു ഇംഗ്ലീഷ് പത്രവും ആ ശീലത്തിന്റെ ഭാഗമാക്കി മാറ്റണം. സുഹൃത്തുക്കളുടെ പിറന്നാള്‍ ദിനത്തില്‍ പുസ്തകങ്ങള്‍ സമ്മാനമായി കൊടുക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. കൂട്ടായ്മയിലൂടെ വായനയെ വളര്‍ത്തിയെടുക്കാവുന്ന വിധം നമുക്കും അനുകരിക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."