റിട്ട. അധ്യാപികയുടെ കൊലപാതകം: വിമുക്ത ഭടന്‍ അറസ്റ്റില്‍
വടക്കാഞ്ചേരി: വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഗുരുവായൂര്‍ എളവള്ളി സ്വദേശിയും വിമുക്തഭടനുമായ ബാലനെ (69) യാണ് അറസ്റ്റ് ചെയ്തത്.
പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയായിരുന്ന വെള്ളറോട്ടില്‍ ശോഭന (62) യെയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെത്തി കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
നിലവിളക്ക് കൊണ്ട് ആക്രമിച്ച പാടുകള്‍ ശരീരത്തില്‍ കണ്ടെത്തി. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. വീടിനുള്ളില്‍ നിന്ന് വില കൂടിയ വിദേശ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.
ബന്ധുക്കളെത്തി നടത്തിയ പരിശോധനയില്‍ ശോഭന ധരിക്കാറുള്ള 4 പവന്‍ തൂക്കമുള്ള ചെയിനും 2 മോതിരങ്ങളും 5 വളകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കാണാതായ ഫോണിന് വേണ്ടി അന്വേഷണം നടത്തിയത്. വീടിന്റെ പരിസരത്ത്‌നിന്ന് ലഭിച്ച രക്തത്തില്‍ കുതിര്‍ന്ന തോര്‍ത്തും കേസില്‍ നിര്‍ണായക തെളിവായി.
ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയുടെ നിര്‍ദേശാനുസരണം കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പ്രതിയെ തേടി ആന്ധ്രയിലും ഛത്തിസ്ഗഡിലുമെത്തി. വിവരമറിഞ്ഞ പ്രതി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പ്രതിയെ പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോള്‍ അധ്യാപികയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."