നിസാരവല്‍ക്കരിച്ച് മുഖ്യമന്ത്രി; സഭ വിട്ട് പ്രതിപക്ഷം
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ നിസാരവല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട നിയമോപദേശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സബ്മിഷനായി വിഷയം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിടുകയായിരുന്നു.
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്നായിരുന്നു ആദ്യം മുതലേ സ്പീക്കറുടെ മറുപടി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റൂറല്‍ എസ്.പിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറോട് ആവശ്യപ്പെട്ടു. കസ്റ്റഡിമരണ കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ചട്ടപ്രകാരം അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് സബ്മിഷന്‍ അനുവദിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
ഏത് റൂളിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന് അനുമതി നിഷേധിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. മുന്‍പും കസ്റ്റഡിമരണം സംബന്ധിച്ച നോട്ടീസിന് അനുവാദം നിഷേധിച്ചിരുന്നു. ഇതെന്ത് നീതിയാണ്? മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം കിട്ടി. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പൊലീസ് ക്രൂരത സഭയില്‍ അവതരിപ്പിക്കാന്‍ സതീശന് അനുവാദം നല്‍കണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. എന്നാല്‍ സബ്മിഷന്‍ മാത്രമേ അനുവദിക്കാനാകൂ എന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നു.
വരാപ്പുഴ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. ആരോപണവിധേയനായ എസ്.പി കുടുങ്ങിയാല്‍ സി.പി.എമ്മുകാരും കുടുങ്ങും. എസ്.പിയുടെ ഫോണ്‍കോള്‍ പരിശോധിക്കാത്തതെന്തെന്നും കേസ് അട്ടിമറിച്ച് യഥാര്‍ഥ പ്രതികളെ രക്ഷപെടുത്താന്‍ നോക്കുന്ന വരാപ്പുഴയിലെ ആ വലിയ സഖാവ് ആരെന്നും സതീശന്‍ ചോദിച്ചു.
കേരളത്തിലെ ആദ്യ കസ്റ്റഡി മരണമല്ല വരാപ്പുഴയിലേതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കേസിന്റെ അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്തി അറിയിച്ചിട്ടുണ്ട്. ആലുവ മുന്‍ റൂറല്‍ എസ്.പിയെ പ്രതി ചേര്‍ക്കണോയെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുമാറിയുള്ള ആദ്യത്തെ ലോക്കപ്പ് കൊലയല്ലേ ഇതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലാഞ്ഞിട്ടാണ് ശ്രീജിത്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. പൊലിസ് പ്രതിസ്ഥാനത്തായതിനാല്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശ്രീജിത്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്നത് വസ്തുതയാണെങ്കിലും നിലവിലെ അന്വേഷണം ഫലപ്രദമാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യമില്ല.
കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."