ന്യൂമാന്‍ കോളജ് സംഭവം; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് സി.പി.എം
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ന്യൂമാന്‍ കോളജില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരു വിദ്യാര്‍ഥിയെ 28 ദിവസമായിട്ടും തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു എസ്.എഫ്.ഐ നേതാക്കള്‍. എന്നാല്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായ അനിഷ്ടകരമായ സംഭവങ്ങളാണ് അവിടെയുണ്ടായത്. സംഭവത്തെ സി.പി.എം അപലപിക്കുകയും മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശമായ പെരുമാറ്റത്തെ സി.പി.എം ഒരുഘട്ടത്തിലും ന്യായീകരിച്ചിട്ടില്ലെന്നു മാത്രമല്ല, അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുമില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. തെറ്റ് ചെയ്ത വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റ് വരിച്ച് റിമാന്‍ഡില്‍ കഴിയുകയുമാണ്.
കോളജിനുണ്ടായ ഭൗതിക നഷ്ടം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. തെറ്റുചെയ്ത വിദ്യാര്‍ഥികളെ തിരുത്തിയെടുക്കുന്നതിനും അവരുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിനുള്ള സാഹചര്യമുണ്ടെങ്കില്‍ അതുകൂടി പരിഗണിച്ച് അവധാനതയോടെയുള്ള തീരുമാനങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.കെ. ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."