എടത്തിരുത്തിയിലെ സയന്‍സ് പാര്‍ക്ക്; എത്ര നാള്‍ കാത്തിരിക്കണം ?
കയ്പമംഗലം: നാലുവര്‍ഷം മുന്‍പ് കല്ലിട്ട എടത്തിരുത്തിയിലെ സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണം ഇനിയും ആരംഭിച്ചില്ല. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ മതിലകം ബ്ലോക്ക് പഞ്ചായത്ത് 2015 മേയ് മാസത്തില്‍ പാര്‍ക്കിന് ശിലയിട്ടത്.
15 കോടിയാണ് അടങ്കല്‍ തുക. എടത്തിരുത്തി പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ അരയേക്കര്‍ സ്ഥലമാണ് പദ്ധതി തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തത്. എന്നാല്‍ പദ്ധതിക്കായി ലഭിച്ച ഈ സ്ഥലം പാടശേഖരമായതിനാലും അതിലേക്ക് യാത്രാ സൗകര്യം ഇല്ലാത്തതിനാലും തുടക്കം ചില തടസങ്ങളുണ്ടായി. എടത്തിരുത്തി പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സൗകര്യം പദ്ധതി പ്രദേശത്തേക്ക് ഒരുക്കി പ്രശ്‌നം പരിഹരിച്ചു. ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവാക്കി കുളവും പാടവുമായിരുന്ന സ്ഥലത്തിന്റ കുറച്ച് ഭാഗം നികത്തിയും കൂടാതെ ചുറ്റുമതില്‍നിര്‍മിച്ച് ഗെയ്റ്റും സ്ഥാപിക്കുകയും ചെയ്തു.
പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി അന്നത്തെ കയ്പ്പമംഗലം എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ ആസ്തിവികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ സ്ഥലത്തിന്റെ രേഖകളിലെ സാങ്കേതിക പ്രശ്‌നങ്ങളും കുളവും പാടവുമായി കിടക്കുന്ന സ്ഥലം നികത്തികെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയുമടക്കം നിരവധി തടസങ്ങള്‍ ഉടലെടുത്തു. നിര്‍ദ്ദിഷ്ട സ്ഥലത്തേക്കുള്ള റോഡുപണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല.
സ്ഥലം പുല്ലുകള്‍ നിറഞ്ഞ് കാടുപിടിച്ചു. ചുറ്റുമതിലില്‍ വിള്ളലുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 2000 ചതുരശ്ര അടിയില്‍ വി.എസ്.എസ്.സി ഡെമോണ്‍സ്‌ട്രെഷന്‍ മുറിയും അതിനകത്ത് ഐ.എസ്.ആര്‍.ഒ എക്‌സിബിഷന്‍ സെന്ററും അടങ്ങിയതാണ് നിര്‍ദിഷ്ട പാര്‍ക്കിന്റെ രൂപരേഖ.
ഐ.എസ്.ആര്‍.ഓയുടെ പ്രധാന കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് നിരീക്ഷണ പഠനത്തിനുള്ള സൗകര്യവും ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രദര്‍ശന വസ്തുക്കളും യന്ത്ര സാമഗ്രികളും ഐ.എസ്.ആര്‍.ഒ നല്‍കും. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ മാത്രമല്ല ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന സയന്‍സ് പാര്‍ക്ക് തടസങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."