ഖത്തര്‍ രാജകുടുംബത്തെ കബളിപ്പിച്ച് അഞ്ചുകോടി തട്ടിയ മലയാളി പിടിയില്‍
കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക്ക് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണകായചിത്രം ലോകത്തെ വിഖ്യാതചിത്രകാരന്മാരെ കൊണ്ട് വരപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചുകോടി തട്ടിയെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി പിടിയില്‍.
കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ(47)യാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ എറണാകുളത്തു നിന്ന് പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്.പി എം.കെ പുഷ്കരന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ കീഴില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
2018 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ഖത്തറില്‍ ഒരു കമ്പനിയില്‍ ഓഡിറ്റര്‍ ആയി ജോലി നോക്കിയിരുന്ന സുനില്‍ മേനോന് അവിടെ നിന്നു പോന്ന ശേഷം പലവിധ ഓണ്‍ലൈന്‍ ബിസിനസുകള്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാം പരാജയപ്പെടുകയായിരുന്നു. നേരത്തേ ദോഹയില്‍ ജോലി നോക്കിയിരുന്ന കാലയളവില്‍ അവിടുത്തെ മ്യൂസിയത്തിലെ സംവിധാനങ്ങള്‍ ഇയാള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്ന് സിങ്കപ്പൂര്‍, തായ്ലന്റ്, മലേഷ്യ, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, കൊല്‍ക്കത്ത, ആഗ്ര, ജയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പുരാവസ്തു ശേഖരങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ച് സി.ഡികള്‍ മ്യൂസിയത്തിന് സമര്‍പ്പിച്ചെങ്കിലും മ്യൂസിയം അധികൃതര്‍ താല്പര്യം കാണിച്ചില്ല.
തുടര്‍ന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ ബിസിനസ് കമ്പനി എന്ന പേരില്‍ വ്യാജ അഡ്രസ് ഉണ്ടാക്കി ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്സനായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഇ - മെയില്‍ അയച്ച് കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. രാജാവിന്റെ ചിത്രങ്ങള്‍ പ്രമുഖരായ ചിത്രകാരന്മാരെ കൊണ്ട് തുകലില്‍ സ്വര്‍ണം, വെള്ളി ഫ്രെയിമുകളില്‍ വരപ്പിച്ചു നല്കാമെന്നുള്ള കരാര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്സനായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ വ്യാജ ഇ-മെയില്‍ അഡ്രസുണ്ടാക്കി മ്യൂസിയം അധികൃതര്‍ക്ക് അയക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
10 ചിത്രങ്ങള്‍ക്ക് 10 കോടി 10 ലക്ഷം രൂപയായിരുന്നു കരാര്‍. രാജകുടുംബാംഗത്തിന്റെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് മ്യൂസിയം അധികൃതര്‍ അഡ്വാന്‍സ് തുകയായി അഞ്ചു കോടി അഞ്ചു ലക്ഷം സുനില്‍ മേനോന്റെ കൊടുങ്ങല്ലൂര്‍ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
പിന്നീട് ഇയാള്‍ മ്യൂസിയവുമായി ബന്ധപ്പെടാതിരുന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. പണം ലഭിച്ച ശേഷം സുനില്‍ കുടുംബത്തോടൊപ്പം ബാങ്കോക്കിലും പട്ടായയിലും ടൂര്‍ പോയിരുന്നു. ഇതിനിടെ ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന ജീപ്പ് കോംപസ് വാഹനവും വാങ്ങി. 15 ലക്ഷം രൂപയോളം ബന്ധുക്കള്‍ക്ക് നല്കി. ഒരു കോടി രൂപ വീതം നാലു ബാങ്കില്‍ എഫ്.ഡി ആയും 60 ലക്ഷം രൂപയോളം സേവിങ്സ് അക്കൗണ്ടിലും നിക്ഷേപിച്ചതായും പൊലിസ് കണ്ടെത്തി. ഖത്തര്‍ രാജകുടുംബാംഗം കേരളാ പൊലിസിന് ഇ മെയില്‍ വഴി അയച്ച് പരാതിയെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയെ പിടികൂടിയ പൊലിസ് സംഘത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ പി.സി.ബിജുകുമാറും അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ എസ് വിനോദ്കുമാര്‍, എ.എസ്.ഐ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒമാരായ സഞ്ജയന്, സുനില്‍, കെ.എം മുഹമ്മദ്, അഷ്റഫ്, എം കെ ഗോപി, ഷിബു, സി.പി.ഒമാരായ ഗോപന്, ഇ.എസ് ജീവന്, മനോജ് എസ് സുജിത്ത്, ജിതിന്ജോയ് എന്നിവരാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."