ദാസ്യവേല: ക്യാംപ് ഫോളോവേഴ്‌സിനെ ഒറ്റപ്പെടുത്താന്‍ പ്രചാരണം
കോഴിക്കോട്: പൊലിസിലെ ദാസ്യവേലയെ ന്യായീകരിച്ചും ക്യാംപ് ഫോളോവേഴ്‌സിനെ താഴ്ത്തിക്കെട്ടിയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം. ആരാണ് പൊലിസ് ഓഫിസര്‍, ആരാണ് ക്യാംപ് ഫോളോവര്‍ എന്ന തലക്കെട്ടിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. പൊലിസ് ഗ്രൂപ്പുകളും ഇത് പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.
പൊലിസുകാര്‍ ദാസ്യവേല ചെയ്യേണ്ടവരല്ലെന്ന് മുഖ്യമന്ത്രിയും ഇത്തരം ആളുകളെ മടക്കി അയക്കണമെന്ന് ഡി.ജി.പിയും ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സംഭവത്തെ വെള്ളപൂശിയുള്ള പ്രചാരണം. അടിമപ്പണി ചെയ്യില്ലെന്ന് ക്യാംപ് ഫോളോവേഴ്‌സിന്റെ അസോസിയേഷന്‍ നിലപാടെടുത്ത പശ്ചാത്തലത്തില്‍ ഇവരെ താഴ്ത്തിക്കെട്ടാനാണ് ശ്രമം.
ദാസ്യവേല ചെയ്യുന്ന പൊലിസ് എന്ന രീതിയില്‍ ജനങ്ങളുടെ മനസില്‍ വളരെ മോശമായ ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സേനയിലെ അംഗങ്ങളുടെ സഹായത്തിനായി നിയമിച്ചിട്ടുള്ള ക്ലാസ് 4 ജീവനക്കാരാണ് ക്യാംപ് ഫോളോവേഴ്‌സ്. ഇവരുടെ ജോലി പൊലിസുകാര്‍ക്ക് വേണ്ട സഹായം ചെയ്യുകയാണെന്നും സന്ദേശത്തില്‍ പറയുന്നു. തുണി അലക്കുക, മുടിവെട്ടുക, പൊലിസുകാര്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്യുക എന്നിവയാണ് ജോലി.
ധോബി, കുക്ക് എന്നീ വിഭാഗത്തിലാണ് ഇവര്‍പെടുന്നത്. ഇവര്‍ക്ക് പൊലിസ് യൂനിഫോമോ അധികാരചിഹ്നമോ നല്‍കിയിട്ടില്ലെന്നും പൊലിസുകാരായി ഇവരെ കണക്കാക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്.
മാധ്യമങ്ങളുടെ പൊലിസ് വിരുദ്ധതയാണ് അടിമപ്പണി വാര്‍ത്തയ്ക്കു പിന്നിലെന്നും സന്ദേശത്തിലുണ്ട്. മാധ്യമ വിരുദ്ധവികാരം ഉയര്‍ത്തി പൊലിസുകാരില്‍ സ്വത്വബോധം ഉണ്ടാക്കുകയും ക്യാംപ് ഫോളോവേഴ്‌സിനെ ഒറ്റപ്പെടുത്തുകയുമാണ് സന്ദേശത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് സന്ദേശത്തിലെ വരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."