ജനകീയ കൂട്ടായ്മയില്‍ പുക്കോട്ടുകുളത്തിന് ശാപമോക്ഷം
മൂവാറ്റുപുഴ: ജനകീയ കൂട്ടായ്മയില്‍ പുക്കോട്ടുകുളത്തിന് ശാപമോക്ഷം. മാലിന്യ വാഹിനിയായ പുക്കോട്ടുകുളം ശുചീകരണത്തിനായി രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പെരിങ്ങഴ സൂപ്പര്‍ സോണിക് കമ്പനിയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന പുരാതനമായ പുക്കോട്ടുകുളം ശുചീകരിച്ചത്.
ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗ്രന്ഥശാല, ഗ്രീന്‍ പീപ്പിള്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് കുളം ശുചീകരണത്തിന് നേതൃത്വം നല്‍കി. കുട്ടായ്മയില്‍ നിന്നും ചിറ ശുചീകരണത്തിന് സന്നദ്ധമായ 19പേരെ തെരഞ്ഞെടുത്തു. ശുദ്ധീകരണത്തിനാവശ്യമായ സാങ്കേതിക സഹായം പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളാണ് ഒരുക്കിയത്. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 13വാര്‍ഡുകളുടെ സംഗമസ്ഥാനമായ പെരിങ്ങഴയിലാണ് 70സെന്റോളം വിസ്തൃതിയിലുള്ള പുക്കോട്ടുകുളം സ്ഥിതിചെയ്യുന്നത്. ആരക്കുഴ ഗ്രാമപഞ്ചായത്തിന്റെ അതീനതയിലുള്ള പുക്കോട്ടുകുളം വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാലിന്യവും ചെളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്.
ഒന്നാം ഘട്ടത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഈമാസം ഒമ്പതിന് പായല്‍ വാരിമാറ്റി വെള്ളം വറ്റിച്ച് ശുദ്ദീകരിക്കാനാണ് തീരുമാനം. രണ്ടാംഘട്ടത്തില്‍ കുളത്തിലെ ചെളി നീക്കം ചെയ്ത് കുളത്തിലേക്ക് മലിനജലവും മഴവെള്ളവും ഒഴുകിയെത്തുന്ന കൈതോടുകള്‍ നന്നാക്കി വെള്ളം തിരിച്ച് വിടുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ പഞ്ചായത്ത് സഹായവും ജനകീയ കൂട്ടായ്മ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനകീയ സമിതിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. മൂവാറ്റുപുഴ ആര്‍.ഡി.ഒ.എം.ജി രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, സിബി കുര്യാക്കോസ്, സാബു ജോസ്, എന്‍.കെ.ശശീധരന്‍, സാബു ചാലില്‍, അസീസ് കുന്നപ്പിള്ളി, കെ.എസ്. ഷാജിഎന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."