ആ കുറ്റം തങ്ങളും ചെയ്തിട്ടുണ്ടെന്ന് ആക്ടിവിസ്റ്റുകളും എഴുത്തുകാരും
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കുകയാണെങ്കില്‍ തങ്ങളെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും ഹരജി. എഴുത്തുകാരി അരുന്ധതി റോയ്, സാമൂഹ്യപ്രവര്‍ത്തക അരുണാ റോയ്, ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ വജഹത്ത് ഹബീബുല്ല, ഹര്‍ഷ് മന്ദര്‍, ജയതി ഘോഷ്, പ്രഭാത് പട്‌നായിക്, ഇന്ദു പ്രകാശ് സിങ്, ശൈലേഷ് ഗാന്ധി, ബെസ്‌വാദ വില്‍സണ്‍, നിഖില്‍ ദേ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പ്രശാന്ത് ഭൂഷണ്‍ ചെയ്ത അതേ 'കുറ്റം' തങ്ങളും ചെയിട്ടുണ്ടെന്നും അതിനാല്‍ തങ്ങളെയും കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
സി.ബി.ഐ ഇടക്കാല ഡയരക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ഫെബ്രുവരി ഒന്നിന് ട്വിറ്ററില്‍ കുറിപ്പിട്ടതിനാണ് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പരാതിയില്‍ പ്രശാന്ത് ഭൂഷണെതിരേ കേസെടുത്തത്.
ഫെബ്രുവരി ആറിനാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് പ്രശാന്ത് ഭൂഷണ് നോട്ടിസ് നല്‍കിയത്. റാവുവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു പ്രശാന്ത് ഭൂഷണന്റെ ട്വീറ്റ്. സി.ബി.ഐ ഡയരക്ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം ചേരാതെയാണ് റാവുവിനെ താല്‍ക്കാലിക ഡയരക്ടറായി നിയമിച്ചതെന്ന സമിതി അംഗം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ കത്തിന്റെ ചുവടു പിടിച്ചായിരുന്നു കുറിപ്പ്. ഇതു തന്റെ സത്യസന്ധത ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തു.
പിന്നാലെ കേന്ദ്രസര്‍ക്കാരും ഹരജി നല്‍കി. രാജ്യത്തെ പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കോടതിയലക്ഷ്യക്കേസുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടിയാണ് അരുന്ധതി റോയിയുള്‍പ്പടെയുള്ളവര്‍ ഹരജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ കോടതിയില്‍ മുദ്രവച്ച കവറിലൂടെ അറിയിച്ച കാര്യവും ഉന്നതതല സമിതി അംഗം എഴുതിയ കത്തിലെ കാര്യവും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുകയാണ് പ്രശാന്ത് ഭൂഷന്‍ കുറിപ്പില്‍ ചെയ്തിരിക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ സമാനമായ അഭിപ്രായപ്രകടനങ്ങള്‍ തങ്ങളും നടത്തിയിരിക്കാം. ഒരു സാഹചര്യത്തിലും ഈ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പ്രശാന്ത് ഭൂഷണെതിരേ കേസെടുക്കാന്‍ കഴിയില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കോടതിക്കു പുറത്ത് അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ സംസാരിക്കാന്‍ പറ്റില്ലെങ്കില്‍ അതേ വ്യവസ്ഥവച്ച് മാധ്യമങ്ങള്‍ക്ക് കേസ് റിപോര്‍ട്ട് ചെയ്യാനും കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് ലിസ്റ്റ് ചെയ്യാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലും കേന്ദ്രവും വാക്കാല്‍ ആവശ്യപ്പെട്ടതിനനുസരിച്ച് അരുണ്‍ മിശ്രയുടെ ബെഞ്ച് നേരിട്ട് കേസ് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."