കടല്‍ക്ഷോഭം ശക്തം: സന്ദര്‍ശകരുടെ വര്‍ധനവ് അപകട ഭീഷണി ഉയര്‍ത്തുന്നു
വാടാനപ്പള്ളി : കടല്‍ക്ഷോഭം ശക്തമായ തീരദേശത്ത് സന്ദര്‍ശകര്‍ വര്‍ധിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. കടല്‍ക്കാഴ്ച ആസ്വദിക്കാന്‍ പ്രതിദിനം നിരവധി പേരാണ് കടപ്പുറത്തെത്തുന്നത്. ഇതില്‍ തളിക്കുളം സ്‌നേഹതീരത്തും ,ചേറ്റുവ അഴിമുഖം പുലിമുട്ടിലും എത്തുന്ന സന്ദര്‍ശകരാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ദിവസേന നിരവധി പേരാണ് അഴിമുഖ പുലിമുട്ടില്‍ കടല്‍ക്കാഴ്ച്ച ആസ്വദിക്കാനെത്തുന്നത്.
തളിക്കുളം സ്‌നേഹതീരത്ത് കടലില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ഇതെല്ലാം അവഗണിച്ച് കടലില്‍ ഇറങ്ങുന്നതും കുളിക്കുന്നതും പതിവാണ്. സ്‌നേഹതീരത്ത് രക്ഷാ പ്രവര്‍ത്തനത്തിനു നാലു ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടെങ്കിലും രണ്ട് പേര്‍ മാത്രമാണു ദിവസേന ഡ്യൂട്ടിയിലുണ്ടാകുന്നത്. കഴിഞ്ഞ പെരുന്നാള്‍ ദിവസം മുതല്‍ നിരവധി പേര്‍ മുന്നറിയിപ്പ് ലംഘിച്ച് കടലില്‍ കുളിക്കുന്നതിനിടയിലുണ്ടായ ശക്തമായ വേലിയേറ്റത്തില്‍ നിരവധി പേര്‍ കടലില്‍ വീഴുകയും കടല്‍ വെള്ളം കുടിച്ചും കടലില്‍ വീണും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശക്തമായ തിരമാലകളാണു ഇവിടെ അടിക്കുന്നത്. ചേറ്റുവ അഴിമുഖത്തും ഏറെ അപകടസാധ്യതയുള്ള മേഖലയാണ് പുലിമുട്ട്. കരിങ്കല്ലുകള്‍ക്കിടയില്‍ ഊര്‍ന്നിറങ്ങുന്നവര്‍ കടലില്‍ ചൂണ്ടിയിടുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്.
കല്ലുകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സഞ്ചാരികളുടെ ശ്രമം ദുരന്തത്തിനിടയാക്കും. അവധി ദിനങ്ങളില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് പുലിമുട്ടിലെത്തുന്നത്. ശക്തമായ തിരമാലയുള്ള സമയത്തും ഇതിനെ വകവെയ്ക്കാതെയാണ് ഇവരുടെ നീക്കങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിക്കുകയാണെന്നും പറയുന്നു. ഏതാനും വര്‍ഷം മുന്‍പ് മുനയ്ക്കകടവ് പുലിമുട്ടിന് സമീപം അഞ്ചു പേര്‍ തിരയില്‍പ്പെട്ടിരുന്നു.
ഇതില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇനിയും രണ്ടു പേരെ കണ്ടെത്താനായിട്ടില്ല. കാലവര്‍ഷവും ഏതാനും ദിവസങ്ങളായി കടല്‍ക്ഷോഭം വര്‍ധിച്ച പുലിമുട്ടിന് തെക്ക് ഏത്തായ് ബീച്ചിലും സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കുഴിപ്പന്‍ തിരമാല മൂലം മണല്‍ നീക്കി കുഴി രൂപപ്പെട്ട മേഖലയായിരിക്കുകയാണ് ഏത്തായ് ബീച്ച്. കഴിഞ്ഞ ദിവസം ഏത്തായ് ബീച്ചില്‍ കടല്‍ക്ഷോഭം തടയാന്‍ അധികൃതര്‍ കരിങ്കല്ല് ഇറക്കിയിരുന്നു.
ഇതില്‍ കയറി നിന്ന് ചിത്രമെടുക്കാന്‍ ഒട്ടേറെ സഞ്ചാരികളാണ് ബീച്ചിലെത്തുന്നത്. പ്രദേശവാസികള്‍ ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. അപകട മേഖലയായ പുലിമുട്ടിലും ഏത്തായ് ബീച്ചിലും സഞ്ചാരികളെ നിയന്ത്രിക്കാന്‍ വാടാനപ്പള്ളി പൊലിസ് നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."