വളയിട്ട കൈകളുടെ കരുത്തില്‍ തിരുവില്വാമലയില്‍ ജലസമൃദ്ധിയുള്ള കുളം
ചേലക്കര: തിരുവില്വാമല മേഖല അനുഭവിയ്ക്കുന്ന അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ വളയിട്ട കൈകളുടെ കരുത്തില്‍ ഭീമന്‍ കുളം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവില്വാമല പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ വരണം പാടത്ത് നിര്‍മിച്ച കുളം ജലസമൃദ്ധമായപ്പോള്‍ അത് പെണ്‍കരുത്തിന്റെ വിജയ ഗാഥയായി.
മേറ്റ് വിജയകുമാരിയുടെ നേതൃത്വത്തില്‍ പൂര്‍ണമായും തൊഴിലുറപ്പ് തൊഴിലാളികളാണ് കുള നിര്‍മാണം നടത്തിയത്. 284 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് നാടിനൊട്ടാകെ ജലസമൃദ്ധി പ്രദാനം ചെയ്യുന്ന കുളം നിര്‍മിച്ചത്. ടി.ആര്‍ ഉണ്ണികൃഷ്ണന്‍, പി.ബി പ്രകാശന്‍, കെ.സി ഗിരിജ, കെ. നാരായണന്‍കുട്ടി, ആര്‍. വിജയലക്ഷ്മി, എസ്.കെ സുഭാഷിണി, കെ. സരിത, കെ. സൗമ്യ, എ.ആര്‍ ഉഷ, കെ. സാവിത്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
പണി പൂര്‍ത്തീകരിച്ച കുളത്തിന്റെ ഉദ്ഘാടനം പഴയന്നൂര്‍ ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ വത്സല വിശ്വംഭരന്‍ അധ്യക്ഷായി. ബ്ലോക്ക് മെംബര്‍ കുമാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു, മെംബര്‍ ലക്ഷ്മണന്‍, ടി.കെ സുരേഷ് ബാബു, കെ. ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."