മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി സഹകരണ വകുപ്പ്
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ മുറ്റത്തെ മുല്ല എന്ന പേരില്‍ മൈക്രോഫിനാന്‍സ് പദ്ധതിയുമായി സഹകരണ ബാങ്കുകള്‍. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്‍പത് ശതമാനം പലിശയ്ക്ക് കുടുംബശ്രീയ്ക്ക് നല്‍കുന്ന പണം അവര്‍ 12 ശതമാനത്തിന് വായ്പയായി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
നിലവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ 32 മുതല്‍ 72 ശതമാനം വരെ പലിശയ്ക്കാണ് മൈക്രോഫിനാന്‍സ് വായ്പ നല്‍കിവരുന്നത്. സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മുറ്റത്തെ മുല്ല പദ്ധതി 29ന് പാലക്കാട്ട് ആദ്യഘട്ടം ആരംഭിക്കും. സഹകരണ ബാങ്കുകളിലെ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. സഹകരണബാങ്കുകളില്‍ വിവിധ തസ്തികകളിലായി 4,255 ഒഴിവുകള്‍ നിലവിലുണ്ട്. ഇതില്‍ 1,049 ഒഴിവുകള്‍ മാത്രമാണ് സഹകരണ പരീക്ഷാ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേരള ബാങ്ക് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം നികത്തി ആവശ്യമായ മൂലധന പര്യാപ്തത ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആധുനിക ബാങ്കുകളോട് കിടപിടിക്കാവുന്ന രീതിയിലുള്ള മികച്ച ഭരണനിര്‍വഹണം ഉറപ്പാക്കുന്നതിനായി ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്കിനെ അറിയിച്ചുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ മാസം എട്ടാം തിയതി ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്. കേരള ബാങ്കിന്റെ അനുമതിക്കുള്ള സംസ്ഥാനത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പ്രാഥമിക പരിശോധന നടത്തുകയും സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം നികത്താന്‍ കൂടുതല്‍ മൂലധനം ആവശ്യമുണ്ടെന്നും, ഭരണ നിര്‍വഹണം മെച്ചപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു.
കേരള ബാങ്ക് ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മന്ത്രി അറിയിച്ചു. കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍ നിലവിലെ ജീവനക്കാരെ പിരിച്ചുവിടുകയോ, ബ്രാഞ്ചുകള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയതാണെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."