വിവാഹ ഏജന്‍സികളുടെ തട്ടിപ്പ് തടയുന്നതിന് മാട്രിമോണി സൈറ്റുമായി കുടുംബശ്രീ
തിരുവനന്തപുരം: വിവാഹ ഏജന്‍സികളുടെ ചൂഷണങ്ങള്‍ തടയുന്നതിനു മാട്രിമോണി സൈറ്റുമായി കുടുംബശ്രീ. 2016ല്‍ പൈലറ്റ് പ്രൊജക്ടായി തൃശൂരില്‍ തുടങ്ങിയ പദ്ധതി വിജയകരമാണെന്നു കണ്ടെതോടെ സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണു തീരുമാനം.
'കുടുംബശ്രീ മാട്രിമോണി'യുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണു രണ്ടാംഘട്ടമായി പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു.
ജാതിമത ഭേദമന്യേ ആര്‍ക്കും മാട്രിമോണി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പെണ്‍കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പുരുഷന്മാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നത്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് 500, പ്ലസ് ടു 750, ഡിഗ്രി മുതല്‍ 1000 രൂപ എന്നീ ക്രമത്തിലാണു ഫീസ് ഈടാക്കുക. വിവാഹം നടക്കുമ്പോള്‍ 10,000 രൂപയും അടയ്ക്കണം.
കുടുംബശ്രീ മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം തുടങ്ങി എല്ലാ വിവരങ്ങളും പൂര്‍ണമായും അന്വേഷിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മാട്രിമോണിയില്‍ ഇവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയുള്ളൂ. കുടുംബശ്രീയുടെ കീഴില്‍ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സന്‍മാര്‍ മുഖേനയാണു വിവരങ്ങള്‍ ശേഖരിക്കുക.
കുടുംബശ്രീ ശൃംഖലവഴി അപേക്ഷകര്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍, ഗവേണിങ് ബോഡി അംഗം ടി.എന്‍ സീമ, തൃശൂര്‍ മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു, ശ്രീലേഖ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."