കോടതി വിലക്കിനിടയിലും പൊതുമേഖലാ സ്പിന്നിങ് മില്ലുകളില്‍ നിയമന നീക്കം
തൊടുപുഴ: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പൊതുമേഖലാ സ്പിന്നിങ് മില്ലുകളില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴും നിയമന നീക്കം. ആലപ്പി കോഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, തൃശൂര്‍ സീതാറാം സ്പിന്നിങ് മില്‍ എന്നിവിടങ്ങളിലാണ് നിയമന നീക്കം നടക്കുന്നത്.
ജൂലൈ രണ്ടിന് ജോലിയില്‍ പ്രവേശിക്കണമെന്ന് കാണിച്ച് ആലപ്പി കോഓപ്പറേറ്റിവ് മില്‍ 30 പേര്‍ക്ക് നിയമന ഉത്തരവ് അയച്ചിട്ടുണ്ട്. സീതാറാം ടെക്സ്റ്റയില്‍സില്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ 26, 27 തിയതികളില്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
സ്പിന്നിങ് മില്ലുകളിലെ മാനേജീരിയല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലേയും സ്റ്റാഫ് വര്‍ക്കര്‍ കാറ്റഗറി വിഭാഗത്തിലേയും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി കെ. സുനില്‍കുമാര്‍ മെയ് 25 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരേ തൃശൂര്‍, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്‍ കഴിഞ്ഞ ഏഴിന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവരോട് വിശദീകരണം തേടി നോട്ടിസ് അയച്ചിരുന്നു. ഇതിനിടയിലാണ് രാഷ്ട്രീയ നിയമന നീക്കം നടക്കുന്നത്.
ഒഴിവുകളുടെ പട്ടിക സ്പിന്നിങ് മില്‍ സി.ഇ.ഒ മാര്‍ സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ക്ക് കൈമാറിയതായും ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി തലത്തില്‍ ലിസ്റ്റ് തയാറാക്കിവരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വ്യവസായ വകുപ്പ് ഉത്തരവിന്റെ മറവില്‍ കോഴിക്കോട് മലബാര്‍ സ്പിന്നിങ് മില്ലിലെ 136 തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാനഘട്ടത്തിലെത്തിയിരുന്നു. ഇവരില്‍ 90 ശതമാനവും സി.ഐ.ടി.യു യൂനിയനില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കുപ്രകാരം പൊതുമേഖലാ സ്പിന്നിങ് മില്ലുകളുടെ 2017 -18 സാമ്പത്തിക വര്‍ഷത്തെ നഷ്ടം 70.94 കോടി രൂപയാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം അത്യാവശ്യ തസ്തികകളില്‍ മാത്രമാണ് നിലവില്‍ നിയമനം നടത്തിവന്നിരുന്നത്. ഈ മേഖലയില്‍ 5058 ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."