കോട്ടയത്തു ജോസഫെങ്കില്‍ പിന്തുണയെന്ന് പി.സി ജോര്‍ജ്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ പി.ജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ്. കോട്ടയം ഒഴിച്ചുള്ള 19 ലോക്സഭാ മണ്ഡലങ്ങളില്‍ കേരള ജനപക്ഷം ഒറ്റയ്ക്കു മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ പാര്‍ട്ടി തിരുമാനപ്രകാരം താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നും ജോര്‍ജ് പറഞ്ഞു.
മൂന്നു മണ്ഡലങ്ങളില്‍ വിജയം ലക്ഷ്യമിട്ടും മറ്റു മണ്ഡലങ്ങളില്‍ ശക്തി തെളിയിക്കാനുമാണ് പാര്‍ട്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് കത്തു നല്‍കിയിട്ട് നാളിതുവരെ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഒന്‍പതംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. എസ്. ഭാസ്കരപിള്ള, ഇ.കെ ഹസന്‍കുട്ടി, അഡ്വ. ഷൈജോ ഹസന്, പ്രൊഫ സെബാസ്റ്റ്യന്‍, ഉമ്മച്ചന് കൂറ്റനാല്‍, ജോസ് കോലടി, എം.എന്‍ സുരേന്ദ്രന്, കെ.കെ ചെറിയാന്, നിഷ എം.എസ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. ഷോണ്‍ ജോര്‍ജിന്റെ പേരും കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
സഭാ വസ്തുക്കള്‍ കൈക്കലാക്കാനുള്ള നീക്കമാണ് ജസ്റ്റിസ് കെ.ടി തോമസിനെ വച്ച് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു. സര്‍ഫാസി ആക്ടിനെതിരേ 11ന് കോട്ടയത്ത് ജനപക്ഷം ഉപവാസം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."