ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
ചെങ്ങന്നൂര്‍: നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ കുളങ്ങരയ്ക്കല്‍ സുരേഷ് കുമാര്‍(ഉണ്ണി-43) ആണ് ഭാര്യ മഞ്ജുള(ബിജി-38)നെ വെട്ടുകത്തി കൊണ്ടി പട്ടാപ്പകല്‍ റോഡില്‍ വെച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ റയില്‍വേ സ്‌റ്റേഷന് പുറകിലുള്ള റോഡില്‍ കല്ലുമടത്തില്‍ വീടിനു സമീപം വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ടു മാസമായി മഞ്ജുള ഭര്‍ത്താവുമായി പിണങ്ങി പിതൃസഹോദരിയുടെ വീടായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കോതാലില്‍ ഉഴത്തില്‍ താമസിച്ച് വരികയായിരുന്നു. ഇവിടെനിന്നും ഇവര്‍ തയ്യല്‍ ജോലിക്കുവേണ്ടി പുത്തന്‍ വീട്ടില്‍പടി ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ കുറ്റിക്കാട്ടില്‍ പതിയിരുന്ന് ഇവരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ട് തലയ്ക്ക് പുറകിലും ഇരുകൈകള്‍ക്കും കാലിനും വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തിന് മുകളിലുള്ള റയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന ആളുകള്‍ മഞ്ജുളയുടെ നിലവിളികേട്ട് ഉണ്ണിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കല്ലേറില്‍ ഉണ്ണിക്ക് പരുക്കേറ്റിട്ടുണ്ട്. മഞ്ജുളയുടെ തലയ്ക്ക് ഗുരുതരമായ പരുക്കുണ്ട്. രണ്ട് കൈകള്‍ക്കും പൊട്ടലുണ്ട്, വലതുകാല്‍ മുട്ടിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം സുരേഷ് വെട്ടുകത്തിയുമായി ചെന്ന് പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കല്ലേറില്‍ പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. മദ്യലഹരിയില്‍ ഇയാള്‍ സ്ഥിരമായി ഭാര്യയുമായി കലഹിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."