മണിയുടെ ഓര്‍മയില്‍ ബാലന്‍ ഇത്തവണയും രോഗികള്‍ക്ക് ഭക്ഷണം നല്‍കി
കല്‍പ്പറ്റ: കാലാഭവന്‍ മണിയുടെ കടുത്ത ആരാധകനാണ് കല്‍പ്പറ്റ ചുങ്കം ജങ്ഷനില്‍ പ്രസ് ക്ലബ്ബ് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ബാലന്‍ (52). മണി മരിച്ച് മൂന്ന് വര്‍ഷം തികയുമ്പോഴും ബാലന്‍ മണിയെ മറന്നില്ല. പാവങ്ങള്‍കൊപ്പം നിന്നിരുന്ന മണിയുടെ അതേ പാത തുടരാനാണ് ബാലന്റെയും തീരുമാനം. മണിയുടെ ചരമ ദിനമായ ഇന്നലെ ബാലന്‍ പാവപെട്ടവര്‍ക്ക് ഭക്ഷണം വിളമ്പി. മൂന്ന് വര്‍ഷവും ബാലന്‍ മണിയുടെ ചരമദിനത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ബാലന്‍ ഇന്നലെ ഉച്ചഭക്ഷണം നല്‍കിയത്. തന്റെ കടക്ക് മുന്‍പില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡ് വച്ചും മണിയുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ വിളക്ക് തെളിയിച്ചുമായിരുന്നു മണിയോടുള്ള ആദരം.വിജയ പമ്പ് പരിസരത്ത് നാടന്‍ പാട്ടും സംഘടിപ്പിച്ചിരുന്നു. തൃശൂര്‍ ചേലക്കര സ്വദേശിയാണ് ബാലന്‍. നാടന്‍ പാട്ടിനേയും നാടന്‍ പാട്ടിന്റെ സുല്‍ത്താനേയും സ്‌നേഹിക്കുന്ന ബാലനും മോശമല്ലാതെ മണിയുടെ പാട്ടുകള്‍ ആലപിക്കും. ഭാര്യയും രണ്ട് മക്കളുമൊത്ത് ബാലന്‍ ഇപ്പോള്‍ കല്‍പ്പറ്റ മെസ്ഹൗസ് റോഡിലാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."