ഇരുവഴിഞ്ഞിപ്പുഴയുടെ കരയിടിയുന്നു: ജനങ്ങള്‍ ഭീതിയില്‍
മുക്കം: കനത്ത നാശം വിതച്ച കാലവര്‍ഷക്കെടുതിയില്‍ അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുവഴിഞ്ഞിപ്പുഴയുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ഭീതിയില്‍. പുഴയുടെ കരകള്‍ വ്യാപകമായി ഇടിഞ്ഞതാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്. മുക്കം മുതല്‍ കൂളിമാട് വരെയുള്ള പുഴയുടെ ഇരുകരകളുടേയും നിരവധി സ്ഥലത്ത് അപകടകരമായ രീതിയില്‍ ഇടിഞ്ഞിട്ടുണ്ട്. ചെറുപുഴയുടെ കാര്യവും വ്യത്യസ്തമല്ല.
ജൂലൈ മാസത്തില്‍ മണ്‍സൂണ്‍ കൂടുതല്‍ ശക്തമാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ പ്രവചനവും കൂടി വന്നത് ഇവരുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഇനിയൊരു ദുരന്തം കൂടി അടുത്ത കാലത്ത് താങ്ങാന്‍ ശേഷിയില്ലാത്ത വിധം തകര്‍ന്നിരിക്കുകയാണ് പുഴയോര വാസികള്‍. വ്യാപകമായ മണലൂറ്റല്‍ മൂലം ഇരുവഴിഞ്ഞിപ്പുഴയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും തീരത്ത് ഉറപ്പ് കുറഞ്ഞ മണ്ണായതിനാലുമാണ് കരയിടിച്ചിലിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയുന്ന മുള പോലുള്ള മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. തെയ്യത്തുംകടവ്, മുന്നുര്, പാഴൂര്‍ എന്നീ സ്ഥലങ്ങളില്‍ കരയിടിച്ചില്‍ വീടുകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പുഴയോരവാസികളുടെ ആശങ്കയകറ്റുന്നതിനും പുഴയുടെ തീരം ശാസ്ത്രീയ ജൈവിക രീതിയില്‍ സംരക്ഷിക്കുന്നതിനും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇടപെടണമെന്ന് കൊടിയത്തൂര്‍ തെയ്യത്തുംകടവ് മദ്‌റസയില്‍ ചേര്‍ന്ന എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെയും പുഴയോരവാസികളുടെയും യോഗം ആവശ്യപ്പെട്ടു.
ഇരുവഴിഞ്ഞിക്ക് വേണ്ടി പ്രത്യേക പാകേജ് തയാറാക്കണമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും പുഴയോരം സന്ദര്‍ശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, ചാത്തമംഗലം, കോടഞ്ചേരി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണത്തിന് പദ്ധതിയില്‍ തുക മാറ്റിവയ്ക്കണം. വിവിധ കാലങ്ങളില്‍ ശുചീകരണം നടത്തി സംരക്ഷിച്ചു വന്ന പുഴയില്‍ കാലവര്‍ഷത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്ന് കൂടിയത് നീക്കം ചെയ്യാനും പുഴയുടെ ഒഴുക്കിന് തടസമാവുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ചുമാറ്റാനും നടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ 'എന്റെ സ്വന്തം ഇരുവഴിഞ്ഞി' ചെയര്‍മാന്‍ പി.കെ.സി മുഹമ്മദ് അധ്യക്ഷനായി. ജന. സെക്രട്ടറി കെ.ടി അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജാഫര്‍ പുതുക്കുടി, പി.കെ അബ്ദുറസാഖ്, മുസ്തഫ ചേന്ദമംഗല്ലൂര്‍, അബ്ദു പൊയിലില്‍, എ.പി മുജീബ് റഹ്മാന്‍, പി.കെ ഫൈസല്‍, സുന്ദരന്‍ ചാലില്‍, ടി.കെ നസറുല്ല, അബ്ദു കക്കാട്, ടി.കെ ലെയ്‌സ്, എം.പി സ്വാലിഹ്, ടി. അഹമ്മദ് സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."