എപ്പിക്ക് സെറീന
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസിന്. ഫൈനലില്‍ ജര്‍മന്‍ താരം ആഞ്ജലിക്വ കെര്‍ബറെ ഏകപക്ഷീയമായ പോരാട്ടത്തില്‍ തകര്‍ത്താണ് സെറീന കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 7-5, 6-3. നേരത്തെ ആസ്‌ത്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ കെര്‍ബറോട് വഴങ്ങിയ തോല്‍വിക്ക് കണക്കുതീര്‍ക്കാനും സെറീനയ്ക്ക് സാധിച്ചു. സെറീനയുടെ കരിയറിലെ ഏഴാം വിംബിള്‍ഡണ്‍ കിരീടവും 22ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്.
വിജയത്തോടെ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന നേട്ടത്തിനൊപ്പം എത്താനും സെറീനയ്ക്ക് സാധിച്ചു. ഫൈനലിന് മുമ്പ് വരെ കെര്‍ബര്‍ സെറീനയെ അട്ടിമറിക്കുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. അടുത്തിടെ ഫൈനലുകളില്‍ സെറീന വഴങ്ങുന്ന തോല്‍വിയും ആസ്‌ത്രേലിയന്‍ ഓപണില്‍ കെര്‍ബര്‍ പുറത്തെടുത്ത പ്രകടന മികവുമായിരുന്നു ഇതിനു കാരണം. എന്നാല്‍ ഈ ധാരണ തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു സെറീനയുടെ പ്രകടനം.
ആദ്യ സെറ്റില്‍ വേഗമേറിയ നീക്കങ്ങള്‍ കൊണ്ട് കെര്‍ബറെ അമ്പരിപ്പിച്ച സെറീന അതിവേഗം ലീഡ് സ്വന്തമാക്കി. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ കെര്‍ബര്‍ സ്‌കോര്‍ 5-5നു തുല്യതയിലെത്തിച്ചു. പക്ഷേ പിന്നീട് സെറീനയുടെ മികവിന് മുന്നില്‍ കെര്‍ബറിന് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതിവേഗമാണ് ആദ്യ സെറ്റ് സെറീന സ്വന്തമാക്കിയത്.
രണ്ടാം സെറ്റില്‍ കെര്‍ബര്‍ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ആദ്യ സെറ്റിനേക്കാള്‍ ദയനീയമായിരുന്നു കാര്യങ്ങള്‍. സെറീനയുടെ കരുത്തുറ്റ സ്മാഷുകള്‍ക്കു മുന്നില്‍ കെര്‍ബര്‍ക്ക് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചില്ല. കുറച്ചു കാലത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ചരിത്ര നേട്ടത്തിലേക്ക് സെറീനയെത്തുന്നത്. ഏഴു തവണ കിരീടം നേടിയപ്പോഴും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ സെറീനയ്ക്ക് സ്വന്തമായി. ഈ വര്‍ഷം ആസ്‌ത്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍ ഫൈനലുകളില്‍ സെറീനയ്ക്ക് അടിതെറ്റിയത് വനിതാ സിംഗിള്‍സില്‍ സെറീനയുടെ കാലം കഴിയുന്നുവോ എന്ന സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ എല്ലാ സംശയങ്ങളെയും കാറ്റില്‍ പറത്തിയാണ് സെറീന മത്സരം സ്വന്തമാക്കിയത്.
പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മിലോസ് റാവോനിക്കിനെ നേരിടും. സെമിയില്‍ തോമസ് ബെര്‍ഡിച്ചിനെയാണ് മുറെ വീഴ്ത്തിയത്. സ്‌കോര്‍ 6-3, 6-3, 6-3. അനായാസം കളിച്ച മുറെയ്‌ക്കെതിരേ അനാവശ്യ പിഴവുകളാണ് ബെറിഡിച്ചിനെ തോല്‍വിയിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."