മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ചെലവഴിക്കുന്നത് കോടികള്‍, ഫലം നിരാശ
നിലമ്പൂര്‍: കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ട് ആറു വര്‍ഷത്തിലേറെ. 2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് മാവേയിസ്റ്റ് സംഘം കേരളത്തില്‍ എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലമ്പൂര്‍ കാടുകളിലാണ് ഒളികേന്ദ്രമായി തുടക്കമിട്ടത്.
നിലമ്പൂര്‍ വനത്തില്‍ നിന്നും സൈലന്റ് വാലി വഴി പാലക്കാട്ടേക്കും, നിലമ്പൂര്‍ മുണ്ടേരി വനത്തിലൂടെ വയനാട്ടിലേക്കും എളുപ്പത്തില്‍ കടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നിലമ്പൂര്‍ വനം ഇവര്‍ തെരഞ്ഞെടുത്തത്.
കര്‍ണാടക വനവും, തമിഴ്‌നാടിന്റെ മുതുമലയും കേരളത്തിന്റെ വനമേഖലയും ചേര്‍ന്ന് കിടക്കുന്നതിനാലാണ് കേരളത്തില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ നിലമ്പൂര്‍ താവളമാക്കാന്‍ കാരണം. വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്.
ഉള്‍വനങ്ങളിലെത്തി മാവോയിസ്റ്റ് വേട്ട പൊലിസിനും വനം വകുപ്പിനും ഏറെ പ്രയാസമേറിയതാണ്. വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്.
വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു. കാലാകാലങ്ങളായി അവണന പേറുന്ന ആദിവാസികളുമായി മാവോയിസ്റ്റുകള്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം ഏഴുപേരായിരുന്നു ആദ്യം സംഘത്തിലുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതായാണ് വിലയിരുത്തുന്നത്.
2016 നവംബര്‍ 24നാണ് കരുളായി വരയന്‍മല ഒണക്കപ്പാറയില്‍ പൊലിസ് വെടിവെപ്പിനിടെ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജ് (കുപ്പുസ്വാമി), തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയംഗം അജിത(കാവേരി) എന്നിവര്‍ കൊല്ലപ്പെട്ടത്. തിരിച്ചടിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
മാവോയിസ്റ്റുകള്‍ ക്യാംപ് ചെയ്ത് ആയുധ പരിശീലനം നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ടിനെതിരേ മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോള്‍ തിരിച്ചുണ്ടായ ആക്രണത്തിലാണ് മരണമുണ്ടായതെന്നാണ് പൊലിസിന്റെ വിശദീകരണം.
പൊലീസുകാര്‍ക്ക് വെടിയേറ്റിരുന്നില്ല. വ്യാജ ഏറ്റമുട്ടലാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഈ വെടിവെയ്പ്പില്‍ 11 അംഗ സംഘമുണ്ടെന്നാണ് പോലീസ് സ്ഥിരീകരണം. മറ്റു സംഘങ്ങളും ഉണ്ടോ എന്ന ആശങ്കയും പൊലിസിനുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ ആയിരുന്നു കൂടുതലും ആശയവിനിമയം നടത്തിയിരുന്നത്.
2013 മാര്‍ച്ചില്‍ എടക്കര മുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ചികിത്സ തേടിയെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നു. പൊലിസ് കാണിച്ച ചിത്രത്തിലെ യുവതി കര്‍ണാടകയിലെ കോമള എന്ന മാവോയിസ്റ്റാണെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് പോലീസ് വേണ്ടത്ര വിശ്വാസത്തിലെടുത്തിരുന്നില്ല.
2015ല്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി.കെ. കോളനി, കരുളായി വനം എന്നിവിടങ്ങളില്‍ എത്തിയ മാവോയിസ്റ്റുകളുമായി പൊലിസ് ഏറ്റുമുട്ടിയിരുന്നു. ഇതോടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച പൊലിസ് തിരച്ചില്‍ ശക്തമാക്കി.
50 വയസിന് താഴേയുള്ള മുഴുവന്‍ പൊലിസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനവും നല്‍കി. പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയുള്ള മുഴുവന്‍ സ്റ്റേഷനുകളിലും വന്‍ മതിലുകളും ഉണ്ടാക്കി. തണ്ടര്‍ബോള്‍ട്ട് സേനകളെയും വന്യസിച്ചു. പലപ്പോഴും കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയത്ത് പൊലിസ് അവിടെ എത്തിയിരുന്നു.
നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആദിവാസികളെ മനുഷ്യമറയാക്കുമോ എന്ന ആശങ്കയാണ് പലപ്പോഴും പൊലിസിനെ ഏറ്റുമുട്ടലില്‍ നിന്നും പിന്‍തിരിപ്പിച്ചിരുന്നത്. കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ പൊലിസിന് നേരെ വെടിയുതിര്‍ക്കുകയും കരുവാരകുണ്ട് പൊലിസ് സ്‌റ്റേഷനിലെ പൊലിസ് ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ടികെ കോളനി ഔട് പോസ്റ്റ് മാവോയിസ്റ്റുകള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.
നിലമ്പൂര്‍ വനത്തില്‍ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടതിന് നാലുമാസങ്ങള്‍ക്ക് ശേഷം വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം അറിയിക്കപ്പെട്ടു.
2017 ഫെബ്രുവരി 16ന് മാവോയിസ്റ്റ് പ്രവര്‍ത്തകനായ തമിഴ്‌നാട്ടില്‍ ശിവകാശിക്കടുത്ത് വിരുതനഗര്‍ ജില്ലയില്‍ കന്നിശ്ശേരി തെക്കനിയക്കാന്‍പെട്ടി അയ്യപ്പന്‍ എന്ന ഹരി (26) മൂത്തേടം പഞ്ചായത്തിലെ കല്‍ക്കുളത്തുവച്ച് പൊലിസ് പിടിയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
2017 ജൂണില്‍ മാവോയിസ്റ്റ് നേതാവായ കന്യാകുമാരി കര്‍ണാടക പൊലിസ് മുന്‍പാകെ കീഴടങ്ങിയത്. പാലക്കാട് ഭവാനി ദളത്തിന്റെ കമാന്‍ഡര്‍ കൂടിയായ കന്യാകുമാരി നാടുകാണി ദളത്തില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് നിലമ്പൂര്‍, വയനാട് കാടുകളിലെത്തിയത്.
നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടത് സംഘടനയുടെ പിഴവുമൂലമാണെന്നും ഇത് തന്റേതടക്കമുള്ള കീഴടങ്ങള്‍ തീരുമാനത്തിന് കാരണമായെന്നുമായിരുന്നു കന്യാകുമാരിയുടെ മൊഴി.
2017 ഓഗസ്റ്റ് 17ന് എടക്കര പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരുളായി പുളക്കപ്പാറ വനം ഔട്ട് പോസറ്റിനു സമീപം മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികള്‍ മൊഴി നല്‍കിയിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം പലയിടങ്ങളിലായി വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പൊലിസും തണ്ടര്‍ബോള്‍ട്ടും തിരച്ചിലുകളും ശക്തമാക്കി.
ഇതിനിടെ 2018 ജനുവരി 22ന് കണ്ണൂര്‍, വയനാട് ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് വാളൂക്കിലാണ് രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ ആറംഗ സംഘമെത്തിയിരുന്നു.
നിലമ്പൂര്‍ വനത്തിലെ ഇടവേളക്ക് ശേഷം 2018 ഫെബ്രുവരി 12ന് ആദ്യത്തില്‍ പാട്ടക്കരിമ്പില്‍ വേഴക്കോടന്‍ ചന്ദ്രന്റെ വീട്ടില്‍ യൂനിഫോമില്‍ ആയുധങ്ങളുമായി ഒരു സ്ത്രീ ഉള്‍പ്പടെ നാലംഗ സംഘം എത്തി.
2018 ഡിസംബര്‍ 2ന് നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. വഴിക്കടവ് റെയ്ഞ്ചിലുള്ള പുഞ്ചകൊല്ലി പ്ലാന്റേഷന്റെ ഓഫിസിലാണ് ആയുധധാരികളായ നാലംഗ സംഘം എത്തി തൊഴിലാളികള്‍ക്ക് ക്ലാസെടുത്തത്. ഇതിനു ശേഷം കരുളായി വനത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ മാവോവാദികളെ കണ്ടു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണുണ്ടായിരുന്നത്.
വനിതാ മതിലിനെതിരെ ലഘുലേഖകളുമായി ജയണ്ണ, രവി, ജിഷ എന്നിവരുള്‍പ്പെടെയുള്ള സംഘം ഡിസംബര്‍ 26ന് മാനന്തവാടി സബ് ഡിവിഷനിലെ പെരിയ അയനിക്കല്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇതില്‍ ഒന്‍പതു പേരുണ്ടായതായി നാട്ടുകാര്‍ പൊലിസിനെ അറിയിച്ചിരുന്നു.
1,600 രൂപയുടെ ഭക്ഷണസാധനങ്ങള്‍ വാങ്ങി സംഘം കാട്ടിലേക്കു തന്നെ മടങ്ങുകയായിരുന്നു.
തൊട്ടുപിന്നാലെ ഇക്കഴിഞ്ഞ ജനുവരി 4ന് പശ്ചിമഘട്ട സോണല്‍ കമ്മറ്റിയുടെ കീഴിലുള്ള നാടുകാണി ദളം കമാണ്ടര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം മേലേ മുണ്ടേരിയിലെത്തി. സഹോദരങ്ങളായ മേലെ മുണ്ടേരി കൊടവനാല്‍ വര്‍ക്കി, കൊടവനാല്‍ ഷാജി എന്നിവരുടെ വീടുകളിളാണ് മാവോയിസ്റ്റുകളെത്തിയത്. വഴിക്കടവ് അളക്കല്‍, പുഞ്ചകൊല്ലി കോളനികളിലും, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫിസിലും, മരുത കല്ലായിപ്പൊട്ടിയിലും, തണ്ണിക്കടവിലെ സുബൈദയുടെ വീട്ടിലും വിതരണം ചെയ്ത അതേ ലഘുലേഖകള്‍ ഇവിടെയും വിതരണം ചെയ്തു.
നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് വയനാട്, പാലക്കാട് ജില്ലകളിലേക്ക് വനപാതയിലൂടെ രക്ഷപെടാമെന്നതിനാല്‍ ഇവരെ പിന്‍തുടരാന്‍ പൊലിസിനു സാധിച്ചതുമില്ല.
പൊലിസും നക്‌സല്‍ വിരുദ്ധ സേനയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും സ്ഥലത്തെത്തി തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ വനത്തില്‍ പരിശോധന നടത്താറുണ്ടെങ്കിലും ആരെയും കണ്ടെത്താറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."