വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു: കീരേലിമലയില്‍ മണ്ണിടിച്ചിലിന് ശമനമില്ല
കാക്കനാട്: എറണാകുളം കലക്ട്രേറ്റിന് സമീപം അത്താണി കീരേലിമല കോളനികളിലെ കുടുംബങ്ങളെ ദുരിതത്തിലാക്കി വീണ്ടും മണ്ണിടിച്ചില്‍. മലയുടെ മുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കരിങ്കല്‍ ഭിത്തിയുടെ കുറച്ചു ഭാഗം വീണ്ടും നിലംപൊത്തി. മണ്ണിടിച്ചലില്‍ നിന്നും തലനാരിഴക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. മലയുടെ താഴെയുള്ള 21 കോളനിയിലെ കുടുംബങ്ങളും മുകളിലുള്ള ആറ് കുടുംബങ്ങളുമാണ് മഴ ശക്തിപ്പെട്ടതോടെ മണ്ണിടിച്ചില്‍ ഭയത്തോടെ കഴിയുന്നത്. മലങ്കര പള്ളിയുടെയും പഞ്ചായത്തിന്റെയും ശ്മശാനങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 21 കുടുംബങ്ങളെയാണ് കീരേലി മലയുടെ താഴെ മണ്ണെടുത്ത കുഴിയില്‍ രണ്ട് സെന്റ് വീതം ഭൂമി നില്‍കി പുനരധിവസിപ്പിച്ചത്.
21 കുടുംബങ്ങളേയും പുനരധിവസിക്കുന്നതിന് മുന്‍കൈ എടുത്തത് മലങ്കര രൂപതയാണ്. സര്‍ക്കാര്‍ ഭൂമി തങ്കളുടെ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോളനിക്കാരെ ഇവിടെ താമസിപ്പിച്ചത്. കൂടാതെ കോളനിക്കു ചുറ്റും ഏക്കര്‍ കണക്കോളം മണ്ണു നീക്കം ചെയ്തതും രൂപതയുടെ നേതൃത്വത്തിലാണ്. മുപ്പതും ഇരുപതും മീറ്ററോളം ഉയരത്തില്‍ മണ്ണ് നീക്കം ചെയ്തതിനു ശേഷം കോളനിക്കാരെ 2000 ജൂലൈ അഞ്ചാം തീയതി ഇവിടെ പുനരധിവസിച്ചത്. അന്നു മുതല്‍ കോളനിക്കാര്‍ അനുഭവിക്കുന്നതാണ് ഈ ദുര്‍വിധി.
കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കിയത് സംസ്ഥാന സര്‍ക്കാരും. സ്വന്തം ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയിലെ മണ്ണ് നീക്കം ചെയ്ത് വില്‍പ്പന നടത്തിയ മലങ്കര രൂപതക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മണ്ണ് നീക്കം ചെയ്ത ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് ഖജനാവില്‍ നിന്നും 1.60കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുകയും ചെയ്തു. 68 പടികളിറങ്ങി വേണം ഇവര്‍ക്ക് പുറത്തേക്ക് കടക്കാന്‍. സിവില്‍ സ്റ്റേഷന്‍ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് മലയുടെ മുകളില്‍ താമസിക്കുന്നത്.
ഓരോ മഴക്കാലത്തും ജീവന്‍ കൈയില്‍ പിടിച്ചാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. സുരക്ഷിത ജീവിതം ഉറപ്പാക്കാന്‍ മതില്‍ കെട്ടണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല. കോളനിയുടെ സുരക്ഷ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള വിളിച്ചിരിക്കുന്ന യോഗത്തിലെങ്കിലും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് 21 കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."